അമൃതപുരി: കൊല്ലം അമൃതപുരി കാമ്പസിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ സോളാറിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന മൂന്നു ചക്രമുള്ള കാർ നിർമ്മിച്ചു.
അമൃതപുരിയിൽ നടക്കുന്ന ത്രിദിന ദേശീയസെമിനാർ വിദ്യുത് 19ലെ പ്രധാന താരവും ഈ കാറുതന്നെ. സൗരോർജ്ജത്തിലും വൈദ്യുതിയിലും ഏറ്റവും കൂടുതൽ സമയം പ്രവർത്തിക്കുന്ന ഭാരം കുറഞ്ഞ വാഹനം എന്ന പ്രത്യേകതയും ഉണ്ട്.
ഇലക്ട്രിക്കൽ വിഭാഗം അസി. പ്രൊഫസർ ഭരത് കെ.ആറിന്റെ മാർഗ നിർദ്ദേശത്തിൽ ഇലക്ട്രിക്കൽ വിഭാഗത്തിലെ 14 പെൺകുട്ടികളടക്കം 39 പേരടങ്ങുന്ന വിദ്യാർത്ഥിസംഘത്തിന്റെ പ്രയത്നഫലമാണ് ഈ കാർ. വാഹനങ്ങളുടെ മെക്കാനിസത്തിൽ ഏറെ തത്പരനായ നാലാംവർഷ വിദ്യാർത്ഥി ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. കോയമ്പത്തൂരും ബംഗളൂരുവിലും നടന്ന മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയിരുന്നു. ബംഗളൂരുവിലെ തിരക്കേറിയ റോഡിലൂടെ ഓടിച്ചാണ് വാഹനത്തിന്റെ മികവ് ഇവർ തെളിയിച്ചത്. അന്ന് നല്ല മോഡലിനുള്ള പുരസ്കാരവും സ്വന്തമാക്കി.
കാറിന്റെ നിർമ്മാണത്തിനായി ചെലവായത് ഒരു ലക്ഷത്തി പതിനായിരം രൂപയാണ്. രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ 3 മണിക്കൂറോളം കാർ ഓടും. നിരത്തിലിറങ്ങിയാൽ സൗരോർജ്ജം സമാഹരിച്ച് പിന്നെയും കിലോമീറ്ററുകൾ പായും. ഒരാൾക്ക് സഞ്ചരിക്കാൻ കഴിയുന്നവിധത്തിലാണ് രൂപകല്പന. കൂടുതൽപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മോഡേൺ ഇലക്ട്രിക് ബസ് ഒരുക്കുകയാണ് ഇവരുടെ ലക്ഷ്യം. അമേരിക്കയിലെ രാജ്യാന്തര വേദിയിൽ മാറ്റുരയ്ക്കാനായി ഫുൾ ഇലക്ട്രിക് ഫോർമുല കാറിന്റെ പണിപ്പുരയിലാണ് ഈ ചുണക്കുട്ടികൾ.