boat

പുനലൂർ: ആകെ ഉണ്ടായിരുന്ന മൂന്ന് ബോട്ടുകളിൽ രണ്ടെണ്ണം അറ്റകുറ്റപ്പണിക്കായി കരയ്ക്ക് കയറ്റിയതോടെ തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി അണക്കെട്ടിൽ ബോട്ടിംഗിനെത്തുന്ന സഞ്ചാരികൾ നിരാശയിൽ. ശെന്തുരുണി, പാലരുവി, ഉമയാർ എന്നീ ബോട്ടുകളാണ് നേരത്തെ ഇവിടെ സർവീസ് നടത്തിയിരുന്നത്. അതിൽ ഉമയാർ മാത്രമാണ് ഇപ്പോൾ ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. മറ്റുള്ളവ കരകയറിയിട്ട് മാസം രണ്ട് പിന്നിട്ടു.

ഇവയുടെ പെയിന്റിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. മറ്റ് പരിശോധനകൾക്കായി ഇവ ജലാശയത്തിൽ ഇറക്കിയെങ്കിലും ബോട്ടിനുള്ളിലെ സീറ്റ്, ഉപരിതലം അടക്കമുള്ള ഭാഗങ്ങളിലെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കാനുണ്ട്.

ഇത് പൂർത്തിയാക്കി പത്ത് ദിവസത്തിനകം രണ്ട് ബോട്ടുകളുടെയും സർവീസ് പുനരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മൂന്ന് വർഷം കൂടുമ്പോൾ ബോട്ടുകളുടെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന നിബന്ധനയെ തുടർന്നാണ് രണ്ട് ബോട്ടുകളും കരയിൽ കയറ്റിയത്. ഇത് പൂർത്തിയാകും വരെ നിലവിലുള്ള ഒരു ബോട്ട് മാത്രമാണ് സഞ്ചാരികൾക്ക് ആശ്രയം.

തിരുവനന്തപുരം-ചെങ്കോട്ട പാതയോരത്തെ തെന്മല എർത്ത് ഡാമിലാണ് ബോട്ട് യാത്രക്കുളള യാർഡ് സജ്ജമാക്കിയിട്ടുളളത്. വിദേശ വിനോദസഞ്ചാരികൾ അടക്കമുളള വരെ ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ സർവീസ് ആരംഭിച്ചത്.

പരപ്പാർ അണക്കെട്ടിന്റെ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രക്കിടെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ പക്ഷി, മൃഗാദികളെയും, കാനനഭംഗിയും ആസ്വദിക്കാൻ കഴിയും. വേനലവധിയാകുന്നതോടെ സഞ്ചാരികളും തിരക്ക് ഇനിയും വർദ്ധിക്കും. അതിന് മുമ്പായി ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കനുള്ള ഒരുക്കത്തിലാണ് അധികൃതർ.