കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കെ.എം.ജെ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനും കുളത്തൂപ്പുഴ മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റുമായ അന്തരിച്ച സി. മീരാസാഹിബ് ലബ്ബയുടെ അനുസ്മരണവും മാനവമൈത്രി സംഗമവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ടൗണിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്കിടയിൽ സൗഹാർദം നിലനിറുത്തി പ്രശ്‌നപരിഹാരം കാണുന്നതിന് ആർജവം കാട്ടിയ വ്യക്തിത്വമായിരുന്നു മീരാസാഹിബ് ലബ്ബയെന്നും ഒരു വേള ഇരു വിഭാഗങ്ങൾ തമ്മിലുണ്ടാകുമായിരുന്ന കലാപം തടയാൻ പോലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞെന്നും മന്ത്രി അനുസ്മരിച്ചു. മുൻ പാളയം ഇമാം പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി, ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, മാർ ഗ്രിഗോറിയസ് ഭദ്രാസനം പ്രതിനിധി ഫാദർ സെവാരിയോസ് തോമസ്, അഡ്വ. എ. അബ്ദുൽ ഖരീം, ഡോ. അബ്ദുൽ സത്താർ കോഴിക്കോട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലെെലാ ബീവി, വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.