ഓച്ചിറ: രാജസ്ഥാൻ സ്വദേശിയായ 14കാരിയെ ഗുണ്ടാ സംഘം രാത്രി വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി. എതിർക്കാൻ ശ്രമിച്ച പിതാവിന് ക്രൂരമായ മർദ്ദനത്തിൽ കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ദേശീയ പാതയോരത്ത് മൺപ്രതിമകൾ നിർമ്മിച്ചു വിറ്റുവരുന്ന രാജസ്ഥാൻ സ്വദേശിയുടെ മൂത്തമകളെയാണ് തട്ടിക്കൊണ്ടുപോയത്. ദമ്പതികളും എട്ടു മക്കളും മൂന്നു വർഷമായി കെട്ടുറപ്പില്ലാത്ത വാടക വീട്ടിലാണ് താമസം. കാറിലെത്തിയ നാലംഗ സംഘമാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്.
മുഖ്യ പ്രതികൾ എന്നു സംശയിക്കുന്ന വലിയകുളങ്ങര സ്വദേശികളായ മുഹമ്മദ് റോഷൻ, വിപിൻ, പായിക്കുഴി സ്വദേശി പ്യാരി, വള്ളിക്കാവ് സ്വദേശി അജയൻ എന്നിവരെ പൊലീസ് തെരയുന്നു. ഒരാഴ്ച മുമ്പും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. ഒന്നര വർഷത്തിന് മുമ്പ് ഇതേ വീട്ടിൽ ഓടിളക്കി കയറി 25,000 രൂപ അപഹരിച്ച കേസിൽ ഇതുവരെയും പ്രതികളെ പിടിച്ചിട്ടില്ല.
റെന്റ് എ കാർ ബിസിനസ് നടത്തുന്ന കുലശേഖരപുരം സ്വദേശിയെയും കാർ വാടകയ്ക്ക് എടുത്തു കൊടുത്ത ഇയാളുടെ ബന്ധുവിനെയും പൊലീസ് ചോദ്യം ചെയ്യുന്നു. പ്രതിയായ മുഹമ്മദ് റോഷന്റെ മാതാവിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാനെന്നു പറഞ്ഞാണ് കാർ വാടകയ്ക്ക് എടുത്തത്.
പായിക്കുഴി സ്വദേശി പ്യാരി ദേശീയപാതയിൽ അച്ഛനെയും മകനെയും ആക്രമിച്ച് 25,000 രൂപ അപഹരിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളു. കഴിഞ്ഞ ദിവസം വലിയകുളങ്ങര സ്വദേശിയായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ രാത്രിയിൽ വീട്ടിൽ കയറി കടന്നുപിടിക്കാൻ ശ്രമിച്ച കേസിലും പൊലീസ് ഇയാളെ തെരയുകയാണ്.
വള്ളിക്കാവ് സ്വദേശി അജയൻ ക്ലാപ്പന മധുരപ്പള്ളിൽ ക്ഷേത്രത്തിൽ ഉത്സവവേളയിലുണ്ടായ സംഘട്ടനത്തിൽ ഒരു വീട്ടിൽ കയറി സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരെ മർദ്ദിച്ച കേസിൽ പ്രതിയാണ്.