കരുനാഗപ്പള്ളി: പതിറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കരുനാഗപ്പള്ളി ശ്രീരാമവർമ്മപുരം കടവ് (ചന്തക്കടവ് ) പുനരുദ്ധാരണത്തിനായി കാത്തിരിക്കുന്നു. രാജഭരണ കാലത്ത് സ്ഥാപിക്കപ്പെട്ടതും ഒരു കാലത്ത് വ്യാപാരത്തിന്റെയും ജലഗതാഗതത്തിന്റെയും കേന്ദ്രവുമായിരുന്ന ഇവിടം ഇന്ന് തീർത്തും ഒറ്റപ്പെട്ട അവസ്ഥയാണ്. റോഡ് ഗതാഗതത്തെ കൂടുതലായി ജനങ്ങൾ ആശ്രയിച്ച് തുടങ്ങിയതോടെയാണ് കടവിന്റെ ശനിദശ ആരംഭിച്ചത്.
മൂന്നര പതിറ്റാണ്ട് മുമ്പ് വരെ ശ്രീരാമവർമ്മപുരം കടവ് കരുനാഗപ്പള്ളിയുടെ പ്രധാന വ്യവസായ കേന്ദ്രമായിരുന്നു. കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം ചന്തക്കായലിന്റെ തീരത്താണ് കടവ് പ്രവർത്തിച്ചിരുന്നത്. പണ്ടുകാലത്ത് ചരക്കുനീക്കത്തിനായി ആശ്രയിച്ചിരുന്നത് കെട്ടുവള്ളങ്ങളെയാണ്. കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഇത്തരത്തിൽ നിരവധി വള്ളങ്ങളാണ് ചരക്കുമായി ശ്രീരാമവർമ്മപുരം കടവിൽ എത്തിയിരുന്നത്. രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിച്ചിരുന്ന ഇവിടെത്തന്നെയാണ് കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ട് പോകാനുള്ള സാധനങ്ങൾ ഇറക്കിയിരുന്നതും.
രാത്രിയിൽ കേവ് വള്ളങ്ങൾക്ക് ദിശ തെറ്റാതിരിക്കാനായി കടവിൽ റാന്തൽ തെളിക്കുമായിരുന്നു. കടവിനോട് ചേർന്ന് കിണറും ചുമട് താങ്ങിയും ഉണ്ടായിരുന്നു. ഇതെല്ലാം മണ്ണടിഞ്ഞിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. കേവ് വള്ളങ്ങളുടെ വരവ് നിലച്ചതോടെ കടവും ഒറ്റപ്പെട്ടു.
പ്രയോജനപ്പെടുത്താം ജല ഗതാഗതത്തെ
600 ഏക്കറോളം വിസ്തൃതിയിലാണ് പള്ളിക്കലാറിന്റെ ഫീഡർ കനാലായ ചന്തക്കായൽ വ്യാപിച്ച് കിടക്കുന്നത്. ഇവിടെ നിന്ന് കേവലം 2.3 കിലോമീറ്റർ തെക്ക് മാറിയാണ് 400 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കൊതിമുക്ക് വട്ടക്കായലുമുള്ളത്.
ഇത് രണ്ടും പ്രയോജനപ്പെടുത്താൻ അന്യംനിന്ന് പോകുന്ന ജലഗതാഗത സംവിധാനത്തെ പുനരുദ്ധരിക്കാൻ കഴിയുമെന്നാണ് ജനങ്ങൾ പറയുന്നത്. കൊല്ലം തുറമുഖം വളരുന്നതിന്റെ ഭാഗമായി ചന്തക്കായലും കൊതുമുക്ക് വട്ടക്കായലും കൂടുതൽ പ്രയോജനപ്രദമാക്കാൻ കഴിയും. കൊല്ലം തുറമുഖത്തെത്തുന്ന വലിയ വാർഫുകൾ ചരക്ക് ഇറക്കിയശേഷം പള്ളിക്കലാറിന്റെ ഫീഡർ കനാലായ ചന്തക്കായലിലോ കൊതുമുക്ക് വട്ടക്കായലിലോ കൊണ്ടുവന്ന് നങ്കൂരമിടാം. ഇതിനായി കായൽ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടേണ്ടി വരും. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയാൽ കരുനാഗപ്പള്ളിയുടെ മുഖഛായ തന്നെ മാറും.