al
തകർന്ന് കിടക്കുന്ന കുളക്കട -ഇളംഗമംഗലം തൂക്കുപാലം

പുത്തൂർ: പ്രളയത്തിൽ തൂണിൽ നിന്ന് ഇളകി മാറിയ കല്ലടയാറ്റിലെ കുളക്കട - ഇളംഗമംഗലം തൂക്കുപാലത്തിൽ ജനങ്ങൾ വിലക്കുകൾ ലംഘിച്ച് യാത്ര തുടരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ഇതുവഴി സാഹസികയാത്ര നടത്തുന്നത്.

പൊട്ടിപ്പൊളിഞ്ഞ ഭാഗത്തെത്തിയാൽ ഇളകിയ സംരക്ഷണ വേലി വഴി കുനിഞ്ഞിറങ്ങുകയോ മുറിഞ്ഞ് മാറിയ ഭാഗം ചാടിക്കടക്കുകയോ ആണ് പതിവ്. ചെറുതായൊന്ന് പിഴച്ചാൽ സംഭവിക്കുന്നത് മഹാദുരന്തമാകും. നിരോധനം പ്രഖ്യാപിച്ചെങ്കിലും പാലത്തിൽ കാര്യമായ നിരീക്ഷണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. നിരോധനത്തിന്റെ ഭാഗമായി സ്ഥാപിച്ച വേലി ഇപ്പോൾ നോക്കുകുത്തിയാണ്.

സംരക്ഷണമില്ലാതെ കൈവരികളെല്ലാം ദ്രവിച്ചടരുകയും നടപ്പാലം അപകടത്തിലാകുകയും ചെയ്തതോടെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചത്. തുടർന്ന് കുളക്കട ഗ്രാമപഞ്ചായത്ത് ആറേമുക്കാൽ ലക്ഷം രൂപയിലധികവും ജില്ല പഞ്ചായത്ത് ആറ് ലക്ഷം രൂപയും പാലത്തിന്റെ നവീകരണത്തിനായി അനുവദിച്ചിരുന്നു. കെല്ലിനായിരുന്നു നിർമ്മാണ ചുമതല.

വേണം പുനർനിർമ്മാണം

നവീകരണം പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് കഴിഞ്ഞ ആഗസ്റ്റിൽ പ്രളയം വില്ലനായെത്തിയത്. കുത്തൊഴുക്കിൽ മുകളിൽ നിന്ന് ഒഴുകിയെത്തിയ തടികൾ വന്നിടിക്കുകയും വലിയതോതിൽ മാലിന്യം വന്നടിയുകയും ചെയ്തതോടെ പാലത്തിന്റെ ഒരു ഭാഗം ഇളകി മാറുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ പാലം നവീകരണം ഫലവത്താകുകയില്ലെന്നും പുനർനിർമ്മാണമാണ് പോംവഴിയെന്നും കണ്ടെത്തി.

നടപടി വേണം

പ്രളയം കഴിഞ്ഞിട്ട് ആറുമാസമാസമായെങ്കിലും പാലത്തിന്റെ കാര്യത്തിൽ അധികൃതർ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നാണ് കുളക്കടയിലേയും ഇളംഗമംഗലത്തേയും നാട്ടുകാരുടെ പരാതി. രണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എളുപ്പമുള്ള മാർഗമായിരുന്നു കല്ലടയാറിന് കുറുകേ നമ്പിമൺ കടവിൽ നിർമ്മിച്ച പാലം. പാലം തകർന്നതോടെ സാഹസിക യാത്രയ്ക്ക് ധൈര്യമില്ലാത്തവർ ഏനാത്ത് വഴി കിലോമീറ്ററുകൾ താണ്ടിയാണ് എം.സി റോഡിലെത്തുന്നത്.