പത്തനാപുരം: യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചവശനാക്കിയ ഗുണ്ടാസംഘം പൊലീസിൽ കീഴടങ്ങി.മേലില മയിലാടുംപാറ രതീഷ് ഭവനിൽ ബിനീഷ് കുമാറിനെ (33) കഴിഞ്ഞ ഡിസംബറിലാണ് വീടിനടുത്ത് വാടകവീട്ടിലെത്തിയ ഒരുസംഘം മുളകുപൊടിയെറിഞ്ഞ ശേഷം ക്രൂരമായി മർദ്ദിച്ചത്. ഒന്നാം പ്രതി ആവണീശ്വരം ചരുവിള വീട്ടിൽ വിഷ്ണു (24),കുന്നിക്കോട് റാഫാ മൻസിൽ ഹനീഷ് (32),നെടുവന്നൂർ കോയിപ്പള്ളിൽ പുത്തൻവീട്ടിൽ ദിലീപ് കുമാർ (26), തലവൂർ അമ്പലനിരപ്പ് ചരുവിള വീട്ടിൽ അഖിൽ കൃഷ്ണൻ (25) എന്നിവരാണ് കീഴടങ്ങിയത്.
സംഭവം സോഷ്യൽ മീഡിയയിലും മറ്റും ഏറെ വിവാദമായിരുന്നു. ആദ്യം നിസാര കേസെടുത്ത പൊലീസ് വിവാദമായതോടെ പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു.അക്രമി സംഘത്തിൽപ്പെട്ട കൊട്ടാരക്കര അമ്പലത്തുംകാലയിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നിക്കോട് സ്വദേശി മുഹമ്മദ് ഹാരിസിനെ (34) അന്ന് റിമാന്റ് ചെയ്തിരുന്നു. മറ്റ് പ്രതികൾ ഒളിവിലാകുകയും,ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പ്രതികൾ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലുൾപ്പെടെ ശിക്ഷ അനുഭവിച്ച ആളാണ് ഒന്നാം പ്രതി വിഷ്ണു.ഒപ്പമുള്ള പ്രതികളും പിടിച്ചുപറി, അടിപിടി തുടങ്ങിയവയ്ക്ക് കുന്നിക്കോട്,കൊട്ടാരക്കര സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉളളവരാണ്