ദുർഗന്ധം മൂലം പൊറുതിമുട്ടി നാട്ടുകാർ
കരുനാഗപ്പള്ളി: ഗ്രാമപ്രദേശങ്ങളിൽ മാലിന്യനിക്ഷേപം വ്യാപകമായത് ജനജീവിതം ദുസഹമാക്കുന്നു. മാലിന്യം ചാക്കുകളിൽ കെട്ടി ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെ ദുർഗന്ധം മൂലം വഴിനടക്കാനാവാത്ത അവസ്ഥയാണ്. കരുനാഗപ്പള്ളി ടൗണിലെ കടകളിൽ നിന്നും ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് നഗരസഭ കർശനമായി തടഞ്ഞതോടെയാണ് ഉൾനാടൻ പ്രദേശങ്ങളിൽ മാലിന്യനിക്ഷേപം തുടങ്ങിയത്. മാലിന്യങ്ങൾ ഉറവിടങ്ങളിൽത്തന്നെ നശിപ്പിക്കുന്നതിനുള്ള സംവിധാനം സ്ഥാപനങ്ങളിൽ ഏർപ്പെടുത്തണമെന്നാണ് നഗരസഭയുടെ പുതിയ നിർദ്ദേശം. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി നഗരസഭ ടൗണിൽ സ്ഥാപിച്ചിരുന്ന മാലിന്യനിക്ഷേപ ബക്കറ്റുകൾ നീക്കം ചെയ്തു. ദിവസവും 10 ടണ്ണോളം മാലിന്യമാണ് നഗരത്തിൽ നിന്നും നഗരസഭ ശേഖരിച്ചിരുന്നത്. ടൗണിൽ നിന്നും ശേഖരിച്ചിരുന്ന മാലിന്യം കേശവപുരത്തെ ശ്മശാനത്തിലാണ് വർഷങ്ങളായി നിക്ഷേപിച്ചിരുന്നത്. ശ്മശാനത്തിലെ മാലിന്യനിക്ഷേപത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നഗരത്തിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിറുത്തിവെച്ചു. ഇതോടെ കേശവപുരത്തെ മാലിന്യ നിക്ഷേപത്തിന്റെ അളവ് കുറഞ്ഞു. തുടർന്ന് മാലിന്യം പുറംതള്ളാൻ മറ്റ് മാർഗങ്ങളില്ലാതായതോടെയാണ് കരുനാഗപ്പള്ളി ടൗണിലെ കടകളിൽ നിന്നും ഉൾപ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയത്.
രാത്രികാല പട്രോളിംഗ്
ഗ്രാമീണ റോഡിന്റെ വശങ്ങളിലും വിജനമായ സ്ഥലത്തും തോടുകളിലുമൊക്കെയാണ് രാത്രിയുടെ മറവിൽ ചാക്കിൽ കെട്ടി മാലിന്യം നിക്ഷേപിക്കുന്നത്. ഉൾപ്രദേശങ്ങളിലെ മാലിന്യനിക്ഷേപകരെ കണ്ടെത്തുന്നതിനായി നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ പരിധിക്കുള്ളിൽ വരുന്ന റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ രാത്രിയിൽ പരിശോധന ആരംഭിച്ചാൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു.