പുനലൂർ: കൊല്ലം-തിരുമംഗലം ദേശീപാതയിൽ കലുങ്ക് നിർമ്മാണം നടക്കുന്ന കലയനാട്ട് തകരാറിലായ സിമന്റ് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം ഒരു മണിക്കൂർ തടസപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. പുനലൂരിൽ നിന്ന് തെന്മലയിലേക്ക് പോകുന്ന ബസ് കലുങ്കിൽ കയറിയപ്പോഴാണ് എതിർദിശയിൽ നിന്ന് ലോറിയെത്തിയത്. കലുങ്കിന് നടുവിൽ കുടുങ്ങിയ രണ്ട് വാഹനങ്ങളും പുറകോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങളുടെ തിരക്ക് കാരണം സാധിച്ചില്ല. ഇതിനിടെ ലോറി തകരാറിലാകുകയായിരുന്നു. ഇതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടായി. പിന്നീട് യാത്രക്കാരും നാട്ടുകാരും ചേർന്ന് ലോറി തള്ളിമാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഇതിനിടെ രോഗിയുമായി എത്തിയ ഓട്ടോറിക്ഷയും ബ്ലോക്കിൽപെട്ടു. മറ്റ് വാഹനങ്ങളുടെ ഇടയിലൂടെ വളരെയധികം പണിപ്പെട്ടാണ് ഓട്ടോറിക്ഷയേയും നാട്ടുകാർ കടത്തിവിട്ടത്.