കുണ്ടറ: മതസൗഹാർദ്ദം വിളിച്ചോതി കിഴക്കേ കല്ലട ചിറ്റുമല ദുർഗാദേവീക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് നേടുംകുതിരയെടുപ്പോടെ സമാപനമായി. സ്നേഹത്തിനും മതസൗഹാർദ്ദത്തിനും മാതൃകയായ ഉത്സവത്തിന്റെ കെട്ടുകാഴ്ച്ചയുടെ ആരംഭം മാർ അന്ത്രയോസ് ബാവ(കല്ലട വല്യപ്പൂപ്പൻ) അന്ത്യവിശ്രമം കൊള്ളുന്ന പടിഞ്ഞാറേ കല്ലട കടപുഴ വലിയപള്ളിയിൽ നിന്നും വണ്ടിക്കുതിര ക്ഷേത്രത്തിലെത്തിയതിന് ശേഷമായിരുന്നു. പള്ളി വികാരിയുടെ നേതൃത്വത്തിലെത്തിയ പള്ളിവാതുക്കൽ വണ്ടിക്കുതിരയെ ക്ഷേത്രം തന്ത്രി മാലയിട്ട് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രം പ്രസിഡന്റും സെക്രട്ടറിയും പള്ളിവികാരിയെ പുഷ്പ്പഹാരം അണിയിച്ചു. തുടർന്ന് പള്ളിവാതുക്കൽ വണ്ടിക്കുതിര ദേവിയെ പ്രദക്ഷിണം വച്ചു.
തുടർന്ന് താഴം മേഖല, പഴയാർ മറവൂർ, ചിറ്റുമല, മതിലകം, കാവിൽകടവ്, ഉപ്പൂട്, കോയിക്കൽ മുറി എന്നീ കരക്കാരുടെ കൂറ്റൻ നെടുംകുതിരകൾ ചിറ്റുമല കുന്നുകയറി ദേവിയെ വലംവച്ചു. എടുപ്പുകാളകൾ, ഫ്ലോട്ടുകൾ, മലബാർ പൂരം, കർണാടകത്തിലെ ഡള്ളൂർ ഡാൻസ്, തിരുവണ്ണാമലയിലെ പെരിയമേളം, മയിൽനൃത്തം, തെയ്യം, തിറ, പടയണി, പ്രാചീനകലാരൂപങ്ങൾ, കൊട്ടക്കാവടി, നീലക്കാവടി തുടങ്ങിയവ കാണികളുടെ മനംകവർന്നു. ചിറ്റുമലച്ചിറയ്ക്കും പാടശേഖരങ്ങൾക്കും സമീപം ചിറ്റുമലക്കുന്നിന്റെ നെറുകയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ച് പഴമക്കാർ പറയുന്നത് ഇങ്ങനെ: പണ്ട് ചിറ്റുമലക്കുന്നിൽ കുറവസമുദായത്തിൽപ്പെട്ട ചിറ്റ എന്നൊരു സ്ത്രീ പുല്ലരിയാൻ വന്നു. മൂർച്ച കൂട്ടാനായി സമീപത്തെ കല്ലിൽ അരിവാളുരച്ചു. ഉടൻ കല്ലിൽനിന്ന് ചോര കിനിഞ്ഞു. പരിഭ്രാന്തയായ ചിറ്റ നാട്ടുപ്രമാണിയെ വിവരം അറിയിക്കുകയും നാട്ടുപ്രമാണി ദേവപ്രശ്നം നടത്തി കുന്നിൻമുകളിൽ ക്ഷേത്രം പണിഞ്ഞ് ദേവീപ്രതിഷ്ഠ നടത്തുകയുമായിരുന്നു. ക്ഷേത്രത്തിന് കിഴക്ക് ഏകദേശം ഒരു മൈൽ അകലെയായിരുന്ന മതിലകം കൊട്ടാരത്തിലെ റാണി, ചിറ്റുമല ദേവിയുടെ ഭക്തയായിരുന്നത്രെ. ഇന്നും ഉത്സവത്തിന് മതിലകം ഭാഗത്തുനിന്ന് നെടുംകുതിരയെ എഴുന്നള്ളിക്കാറുണ്ട്. ആനയെ എഴുന്നള്ളിക്കാറില്ല എന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണിപ്പോൾ ക്ഷേത്രം.