കുന്നത്തൂർ: തകർന്ന് തരിപ്പണമായിക്കിടന്ന മൈനാഗപ്പള്ളി പഞ്ചായത്തിലെ ഉള്ളാടിശ്ശേരി അംഗൻവാടി റോഡ് വാർഡ് മെമ്പർ മോഹനൻ ഇടപെട്ട് സഞ്ചാരയോഗ്യമാക്കി. വെട്ടിക്കോട്ട് മാടൻനട ക്ഷേത്രത്തിനു സമീപത്തു നിന്നും പതിനാറാം വാർഡിലൂടെ കടന്നുപോകുന്ന റോഡിന്റെ തകർച്ചയെക്കുറിച്ച് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത നാട്ടിൽ ചർച്ചയായതോടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ നന്നാക്കാൻ അധികൃതർ രംഗത്തെത്തിയത്. കുഴികൾ കോൺക്രീറ്റ് ചെയ്ത് പൂർണമായും നികത്തുകയായിരുന്നു. കോൺക്രീറ്റ് റോഡിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി വെട്ടിപ്പൊളിച്ചതാണ് ദുർഗതിക്ക് ഇടയാക്കിയത്. കോൺക്രീറ്റ് റോഡ് കുത്തിയിളക്കിയതിനാൽ വലിയ പാറകഷണങ്ങളും മറ്റും റോഡിൽ ചിതറി കിടക്കുകയായിരുന്നു. ഇതിനാൽ ഇരുചക്ര-സൈക്കിൾ യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. അംഗൻവാടിയിലേക്ക് എത്തുന്ന പിഞ്ചു കുട്ടികളടക്കം നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാത കൂടിയാണിത്. വെട്ടിക്കോട്ട് റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ പ്രദേശവാസികൾ പ്രധാന പാതയിലെത്താൻ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.