കൊല്ലം: ഉമ്മൻചാണ്ടി സർക്കാരിന്റെ നിലനിൽപ്പിന് വേണ്ടിയാണ് 2014ൽ ഞാൻ കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ സിറ്റിംഗ് സീറ്റ് ത്യജിച്ചതെന്ന് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ എൻ.പീതാംബര കുറുപ്പ്. കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ബാക്കിയിരിക്കെ സർക്കാരിന് യു.ഡി.എഫിലെ ഒരു ഘടകകക്ഷിയിൽ നിന്ന് ഭീഷണിയുണ്ടായി. ആർ.എസ്.പിക്കുണ്ടായിരുന്ന രണ്ട് എം.എൽ.എമാരുടെ ഭൂരിപക്ഷത്തിൽ മന്ത്രിസഭയെ നിലനിറുത്താനുള്ള പാർട്ടിയുടെ നീക്കം പൂർണ മനസോടെ സമ്മതിച്ചു. അന്ന് കൊല്ലത്ത് ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയെ തുടർന്ന് പിന്നീട് നടന്ന തിരക്കിട്ട നീക്കങ്ങൾക്കൊടുവിൽ അദ്ദേഹത്തെ യു.ഡി.എഫ് പിന്തുണയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. അതോടെ ആർ.എസ്.പി എം.എൽ.എമാരുടെ പിന്തുണയും ഉറപ്പായി. പ്രതിസന്ധിക്ക് അയവ് വരുത്താൻ പൂർണ മനസോടെ സഹകരിക്കുകയായിരുന്നു താൻ. കറിവേപ്പിലയെടുത്ത് ഇലയുടെ മൂലയ്‌ക്ക് വയ്ക്കും പോലെ നടന്ന നീക്കങ്ങൾ സാധാരണ കോൺഗ്രസിൽ പാസാക്കിയെടുക്കാൻ പ്രയാസമാണ്. തിരഞ്ഞെടുപ്പ് ഓർമ്മകളെക്കുറിച്ച് പീതാംബര കുറുപ്പ് 'ഫ്ലാഷി'നോട് സംസാരിക്കുന്നു.
വിശ്വസ്തനെന്ന വിലാസം
ഒരു ചെറിയ കാലയളവിലൊഴിച്ച് ഇടത് പ്രസ്ഥാനങ്ങൾ കുത്തയാക്കി വച്ചിരുന്ന മണ്ഡലമാണ് 2009ൽ ഞാൻ പിടിച്ചെടുത്തത്. തന്റെ വരവോടെ കൊല്ലത്തെ പാർട്ടി മെഷിനറി ഒരിക്കലും ഇല്ലാത്ത പോലെ വല്ലാതെ ഉണർന്നു. ലീഡർ കരുണാകരനുമായി തനിക്കുള്ള ആത്മബന്ധം അതിന് നിമിത്തമായി. കോൺഗ്രസിൽ താഴെതട്ടിൽ അനുയായികളുള്ള ഏക നേതാവ് കെ. കരുണാകരനായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്‌തനെന്ന് തനിക്ക് കിട്ടിയിരുന്ന വിലാസം പ്രവർത്തകരുടെ സ്‌നേഹത്തിന് കാരണമായി. അനാരോഗ്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന കെ. കരുണാകരൻ അന്ന് പ്രസംഗിച്ച ഏക പൊതുസമ്മേളനം കൊല്ലം ലോക്സഭാ മണ്ഡലത്തിലായിരുന്നു.
കഴിഞ്ഞ തവണ മത്സരിക്കാത്തത്
യു.ഡി.എഫ് സർക്കാരിനെ സംരക്ഷിക്കാനുള്ള ത്യാഗമായിരുന്നു. കൊല്ലം സീറ്ര് തട്ടി എടുക്കാൻ ചിലർ ഒരുക്കിയ തിരക്കഥ അനുസരിച്ച് നടന്ന അസംബന്ധ നാടകമായിരുന്നു അത്. അവർക്ക് അന്ന് സീറ്ര് കിട്ടിയില്ലെന്ന് മാത്രമല്ല, ഇനി ഒരിക്കലും കിട്ടാൻ പോകുന്നതുമില്ല.
കൊല്ലം, വടകര, കാസർകോട്
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ രണ്ട് അസംബ്ലി മണ്ഡലം കൺവെൻഷനുകളിൽ ഞാൻ ഉദ്‌ഘാടകനാണ്. റെയിൽവെ മേൽപ്പാലം, തുറമുഖം, ബൈപാസ് തുടങ്ങി തന്റെ കൈയ്യൊപ്പോട് കൂടി കൊല്ലത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തി ആയിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണ രംഗത്ത് സജീവമാകുക. വടകരയിൽ കെ.മുരളീധരനും കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താനുവേണ്ടിയും ശക്തമായി പ്രചാരണത്തിന് ഉണ്ടാവും.