കൊല്ലം: ലോക ജലദിനത്തോടനുബന്ധിച്ച് അഷ്‌ടമുടിക്കായലിന്റെ തീരങ്ങളിൽ 'അഷ്ടമുടിയെ ഇഷ്‌ടമുടി'യാക്കാനുള്ള ഒരുക്കത്തിലാണ് അപർണയും സംഘവും. മദ്യക്കുപ്പികളിൽ വർണം വിരിയിച്ച് 'കുപ്പി'യെന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രദ്ധേയേയായ അപർണ,കായലിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരായ പോരാട്ടത്തിലാണ്.
ഇന്ന് കൊല്ലം അഡ്വഞ്ചർ പാർക്കിൽ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിക്കും. ദിവസങ്ങൾക്ക് മുമ്പേ മുന്നൊരുക്കം തുടങ്ങി. ഫേസ്ബുക്ക്, വാട്സ് ആപ്പ് കൂട്ടായ്‌മകളിലൂടെ രംഗത്ത് ഇറങ്ങി. ജില്ലയിലെ വിദ്യാർത്ഥികൾക്കൊപ്പം ഡി.ടി.പി.സിയും അപർണയുടെ പരിശ്രമത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. കായലിന്റെ പലഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ പുതിയ രൂപത്തിലാക്കി അവയ്ക്ക് വീടുകളിലേക്ക് വഴിയൊരുക്കുമ്പോൾ ഉപയോഗശൂന്യമെന്ന് തോന്നുന്നതെല്ലാം തെരുവിലും കായലിലും വലിച്ചെറിയുന്ന മനോഭാവം മാറിത്തുടങ്ങുമെന്നാണ് അപർണ പറയുന്നത്.
പെയിന്റിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിവയ്‌ക്കൊപ്പം മറ്റു പല ക്രാഫ്‌റ്റുകളും ചെയ്യുന്ന വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നല്ലൊരു ടീമിനെ സജ്ജമാക്കിയാണ് പ്രവർത്തനം.
രാവിലെ പത്തിന് പാർക്കിൽ ആരംഭിക്കുന്ന ക്യാമ്പിൽ കുപ്പികൾ, പ്ലാസ്‌റ്റിക്ക് സാമഗ്രികൾ ഉൾപ്പെടെയുള്ളവ എത്തിക്കാം. ഇവയെല്ലാം പല രൂപത്തിലും ഭാവത്തിലുമാക്കി വില്പനയ്‌ക്ക് വയ്‌ക്കും. പത്തു രൂപ മുതൽ നൂറു രൂപവരെ വിലയുള്ള സാധനങ്ങൾ വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം വിൽപ്പനയ്‌ക്കായി സജ്ജീകരിക്കും. അഷ്‌ടമുടി തീരത്തെ മാലിന്യങ്ങളിലൂടെ ബോധവത്കരണ പ്രവർത്തനം ആരംഭിച്ച് ജില്ലയെ തന്നെ മാലിന്യ മുക്തമാക്കാനുള്ള ശ്രമമാണ് ഈ യുവ കൂട്ടായ്‌മ ലോക ജല ദിനത്തിൽ ലക്ഷ്യമിടുന്നത്. കൊല്ലം മൺറോത്തുരുത്ത് ശിങ്കാരപ്പള്ളി സ്വദേശിനിയായ അപർണ ബി.എഡ് വിദ്യാർത്ഥിനിയാണ്.