കരുനാഗപ്പള്ളി: തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കയർ സഹകരണ സംഘങ്ങൾ ഉണർവിന്റെ പാതയിലേക്ക്. കയർ സഹകരണ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകിയതും അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചതുമാണ് തുണയായത്. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ 15 കയർ സഹകരണ സംഘങ്ങളുള്ളതിൽ ഇനി ഒരെണ്ണം മാത്രമാണ് പ്രവർത്തന സജ്ജമാകാനുള്ളത്. ഇതിനുള്ള പരിശ്രമം ഉദ്യോഗസ്ഥർ ആരംഭിച്ച് കഴിഞ്ഞു. തൊഴിലാളികളുടെ അദ്ധ്വാനം കുറച്ച് യന്ത്രവത്കരണത്തിലൂടെ ഉത്പാദനം പദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ചകിരി കയർഫെഡ് സംഘത്തിൽ എത്തിച്ച് കൊടുക്കും. ചകിരി എത്തിക്കുന്നതിനുള്ള വാഹനക്കൂലിയും കയർഫെഡ് തന്നെ നൽകും. സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കയറിന് കയർഫെഡ് മൊത്തത്തിൽ സംഭരിച്ച് പണം നൽകും. ചകിരിയുടെ പണം ഇതിൽ നിന്നും ഈടാക്കും. 28 രൂപയ്ക്ക് തമിഴ്നാട്ടിൽ നിന്നും ഇറക്കിയിരുന്ന ചകിരിക്ക് കയർഫെഡ് 22 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞതിനാലാണ് ചകിരിയുടെ വിലയിൽ കുറവ് വന്നതെന്ന് സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾ പറയുന്നു. ചകിരി ആവശ്യത്തിന് ലഭിച്ച് തുടങ്ങിയതോടെ തൊഴിലാളികൾക്ക് എല്ലാ ദിവസവും തൊഴിൽ നൽകാനും റാട്ടുകൾ പൂർണമായും യന്ത്രവത്കരിച്ചതോടെ കുറഞ്ഞ സമയത്തിൽ കൂടുതൽ ഉത്പാദനം നടത്താനും കഴിയുന്നുണ്ട്. കയർ സംഘങ്ങൾക്ക് ആവശ്യമായ ചകിരി ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി കൊറ്റംമ്പള്ളി, പ്രയാർ സഹകരണ സംഘങ്ങളിൽ തൊണ്ട് തല്ല് യൂണിറ്റ് ആരംഭിക്കാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു. ഈ പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ കരുനാഗപ്പള്ളിയിലെ സംഘങ്ങൾക്ക് ആവശ്യമുള്ള ചകിരി ഇവിടെത്തന്നെ ഉത്പാദിപ്പിക്കാം.
കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ കയർ സഹകരണ സംഘങ്ങൾ - 15
പ്രവർത്തന സജ്ജമായത് - 14 പ്രവർത്തന സജ്ജമാകാനുള്ളത്-1
തൊഴിലാളികളുടെ കൂലി 350 രൂപയിൽ നിന്ന് 500 രൂപയാക്കി വർദ്ധിപ്പിക്കണം
മുനമ്പത്ത് ഷിഹാബ്, കോഴിക്കോട് കയർ സഹകരണ സംഘം പ്രസിഡന്റ്
ശമ്പളം 350 രൂപ
ഒരു തൊഴിലാളി ഒരു ദിവസം 180 കയറുകളാണ് പിരിക്കേണ്ടത്. 180 കയർ പിരിക്കുന്ന ഒരു തൊഴിലാളിക്ക് 350 രൂപയാണ് ശമ്പളം. ഇതിൽ 110 രൂപ സർക്കാരും 240 രൂപ സംഘവുമാണ് നൽകുന്നത്. പ്രതിവർഷം 100 ക്വിന്റൽ കയർ ഉത്പാദിപ്പിക്കുന്ന സംഘങ്ങൾക്ക് ക്വിന്റൽ ഒന്നിന് 350 രൂപാ ഇൻസെന്റീവായി നൽകുന്നുണ്ട്.