kunjumanthod
വറ്റിവരണ്ട് കിടക്കുന്ന കുഞ്ഞുമാൻ തോട്

കുളത്തൂപ്പുഴ: വീണ്ടുമൊരു ജലദിനം കൂടി കടന്നുപോകുമ്പോൾ ഒരിറ്റ് വെള്ളത്തിനായി വലയുകയാണ് കുളത്തൂപ്പുഴ നിവാസികൾ. നിറഞ്ഞൊഴുകിയിരുന്ന പുഴയും അതിനെ സമൃദ്ധമാക്കുന്ന ഒട്ടേറെ കൈവഴികളും കൊണ്ട് സമ്പുഷ്ടമായിരുന്ന നാടാണ് വേനൽ കടുത്തതോടെ വറുതിയിലായത്.

പേരിനൊപ്പം ആനയ്ക്ക് നെറ്റിപ്പട്ടം പോലെ പുഴയുണ്ടെങ്കിലും കുളത്തൂപ്പുഴയിൽ കരകവിഞ്ഞ് ഒഴുകിയിരുന്ന കല്ലടയാറും നീരുറവകൾ നിറഞ്ഞ കുഞ്ഞുമാൻ തോടും കൈത്തോടുകളും ഇന്ന് ഓർമ്മ മാത്രമായി മാറി.

വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പ്രദേശത്ത് ഭാഗികമായി ഉണ്ടെങ്കിലും കുളത്തൂപ്പുഴ നിവാസികൾക്ക് ഇതിന്റെ പ്രയോജനം പൂർണ്ണമല്ല. പ്രദേശത്ത് മുമ്പുണ്ടായിരുന്ന പല ചെറുകിട കുടിവെള്ള പദ്ധതികളെല്ലാം നടത്തിപ്പിലെ അപാകതകൾ മൂലം നിലച്ചിരിക്കുകയാണ്. കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നത് പ്രദേശത്തെ സ്ഥിരം കാഴ്ചയായി മാറി. വരൾച്ചകൂടിയായപ്പോൾ മലയടിവാരങ്ങളിൽ കുഴികുത്തി തലച്ചുമടായി വെള്ളമെത്തിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാർ.

പ്രളയത്തിൽ മുങ്ങിയ നാട്

മഴക്കാലങ്ങളിൽ കരകവിഞ്ഞൊഴുകുന്ന പുഴയുള്ള നാട്ടിൽ പ്രളയഭീതി വേട്ടയാടുന്നവരാണ് കുളത്തൂപ്പുഴ നിവാസികൾ. പ്രളയകാലത്ത് തലയ്ക്ക് മേലെ വെള്ളമൊഴുകി ഒട്ടേറെ കുടുംബങ്ങൾ വഴിയാധാരമായ നാടാണ് ഇന്ന് ദാഹനീരിനായി പരക്കം പായുന്നത്. വയലും തണ്ണീർത്തടങ്ങളും ജലാശയങ്ങളും നികന്ന് കൂറ്റൻ കെട്ടിടങ്ങൾക്ക് വഴിമാറിയതോടെയാണ് നാട്ടിൽ വരൾച്ച ബാധിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഭൂഗർഭജലത്തിൻെറ അളവ് നാൾക്കുനാൾ താഴുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വേനൽ മഴ ശക്തമായില്ലങ്കിൽ വീണ്ടും ദുരിതത്തിലേക്ക് പോകുമെന്ന ആശങ്കയിലാണ്

ജനങ്ങൾ