forest
ലക്ഷ്മണന്റെ കുടുംബാംഗങ്ങൾ ആദിവാസി ഊരുകളിലെ താമസക്കാർക്കൊപ്പം

കൊല്ലം: അച്ഛന്റെ ഓർമ്മദിനം കുടുംബാംഗങ്ങൾ ചെലവിട്ടത് കാടിന്റെ മക്കൾക്കൊപ്പം. ശൂരനാട് വടക്ക് വലിയവിള വടക്കതിൽ ലക്ഷ്മണന്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് ഭാര്യ ശാന്തമ്മ, മക്കളായ സുജാതൻ, സുജാത, സുനിൽ കുമാർ, സുഗതൻ എന്നിവർ ആദിവാസി കുടുംബങ്ങൾക്കൊപ്പം ഒത്തുകൂടിയത്. പത്തനംതിട്ട മൂഴിയാർ ഡാമിന് സമീപമുള്ള രണ്ട് കുടുംബങ്ങളെ കാണാൻ കൊടുംവനത്തിലൂടെ കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ പോയത്. കുട്ടികൾക്കും മുതിർന്നവർക്കും പുത്തൻ വസ്‌ത്രങ്ങളും മധുരപലഹാരങ്ങളും ഭക്ഷണപ്പൊതികളും നൽകി. അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ആദിവാസി ഈരുകളിലെ കുട്ടികൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ലക്ഷ്മണന്റെ മകനും പരിസ്ഥിതി പ്രവർത്തകനുമായ എൽ. സുഗതൻ പറയുന്നു.

വർഷത്തിൽ 150 രൂപയാണ് സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഭിക്കുന്നത്. കുട്ടികളെ കൊണ്ടുപോകുന്ന വാനിനു പോലും തുക ഈടാക്കാറുണ്ട് . സ്കൂളിൽ നിന്ന് പുസ്‌തകം മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്. വിശേഷാവസരങ്ങളിൽ സ്കൂളിൽ നിന്ന് ലഭിക്കേണ്ട 5 കിലോ അരി പോലും കുട്ടികൾക്ക് നിഷേധിക്കാറുണ്ടെന്നാണ് ഊരുകളിലെ താമസക്കാരുടെ പരാതി. സ്നേഹപ്പച്ച കോ ഓർഡിനേറ്റർ രേഖ എസ്. നായർ, അംഗങ്ങളായ ശിലാ സന്തോഷും കുടുംബവും, അനീഷ്, രാജേഷ് പട്ടാഴി, സന്തോഷ്‌കുമാർ, പ്രദീപ്‌, വിനോദ് തുടങ്ങിയവരും ലക്ഷ്മണന്റെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.