തൊടിയൂർ: എവിടെ നിന്നോ എത്തി നാട്ടുകാരുമായി ചങ്ങാത്തം കൂടിയ പെൺമയിൽ കൗതുകമാകുന്നു. രണ്ടാഴ്ച മുമ്പാണ് കല്ലേലിഭാഗം കറത്തേരിൽ ഭദ്രാദേവീ നവഗ്രഹക്ഷേത്രത്തിന് സമീപത്തെ കറത്തേരിൽ സുരേഷ് ബാബുവിന്റെ (പൊടിമോൻ) വീട്ടിൽ പെൺ മയിൽ എത്തിയത്. വീട്ടിലെ കോഴികൾക്കും താറാവുകൾക്കും രാവിലെ തീറ്റ നൽകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പുതിയ അതിഥിയുടെ വരവ്. ഒരു പാത്രത്തിൽ കുറച്ച് അരി അല്പം അകലെയായി വച്ചു കൊടുത്തു. അരിമണികൾ മുഴുവൻ അകത്താക്കി സമീപത്തെ പാത്രത്തിലിരുന്ന വെള്ളവും കുടിച്ച് അല്പം വിശ്രമിച്ച ശേഷമാണ് മയിൽ പറന്നു പോയത്. എന്നാൽ വൈകിട്ട് അഞ്ച് മണിയോടെ മയിൽ വീണ്ടുമെത്തുകയായിരുന്നു. അപ്പോഴും അരിയും വെള്ളവും നൽകി. സന്ധ്യയോടെ തിരികെ പോയി. പിന്നീട് ഈ വരവും പോക്കും എല്ലാ ദിവസവും ആവർത്തിച്ചു. മനുഷ്യരുമായി
പ്രത്യേകിച്ച് സ്ത്രീകളോട് അടുത്തിടപഴകാൻ ഈ പെൺമയിലിന് താല്പര്യം കൂടുതലാണെന്ന് സുരേഷ് കുമാറിന്റെ ഭാര്യ ബ്യൂട്ടിഷ്യൻ ധനജ പറയുന്നു. പ്രദേശത്തെ മറ്റു വീടുകളിലും ഈ മയിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.