kodikunnila
മാവേലിക്കര പാർലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സി.എഫ്. തോമസ് എം.എൽ.എ നിർവഹിക്കുന്നു. കൊടിക്കുന്നിൽ സുരേഷ് സമീപം

കൊല്ലം: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട കുട്ടനാടും ചെങ്ങന്നൂരും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുണ്ടായ മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി തന്റെ തിരഞ്ഞെടുപ്പ് മത്സരം സമർപ്പിക്കുന്നതായി യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാവേലിക്കര പാർലമെന്റ് മണ്ഡലം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ.

പ്രളയത്തിൽ ചെങ്ങന്നൂരിൽ മാത്രം പതിമൂന്ന് ജീവനുകളാണ് നഷ്ടമായത്. ആയിരക്കണക്കിന് ആളുകളുടെ വീടുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.

സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് പ്രളയബാധിതർ കൈനീട്ടി നിൽക്കുന്ന കാഴ്ച അങ്ങേയറ്റം വേദനാജനകമാണ്. വെള്ളം ഉയർന്നപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാമുകൾ തുറന്നു വിട്ടതിന്റെ പരിണിത ഫലമാണ് പ്രളയം. ഇതിന് ഉത്തരവാദികളായവർക്ക് വോട്ടർമാരിൽ നിന്ന് കനത്ത തിരിച്ചടി ഉണ്ടാകണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ കോശി എം.കോശി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ജേക്കബ് തോമസ് അരികുപുറം, യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ ജോഷി സെബാസ്റ്റ്യൻ, എബി കുര്യാക്കോസ്, സി.ആർ. നജീബ്, എം.വി. ശശികുമാരൻ നായർ, പി. രാജേന്ദ്രപ്രസാദ്, പി.കെ. സേവ്യർ, സജി ജോസഫ്, പി.വി. ജോൺ, സുജാ ജോൺ, ശാന്തകുമാരി അമ്മ, കെ.എൻ.വിശ്വനാഥൻ, കെ. കെ.ഷാജു, കെ.പി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.