ഓച്ചിറ: തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെയും മുഖ്യ പ്രതിയെയും എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രവർത്തകരെ സ്റ്റേഷൻ റോഡിന്റെ ആരംഭത്തിൽ ബാരിക്കേഡുകൾ വെച്ച് പൊലീസ് തടഞ്ഞു. ഉപരോധം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രതിയെയും പെൺകുട്ടിയെയും എത്രയും പെട്ടെന്ന് കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടു വരുമെന്ന് അവർ വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, ചിറ്റുമൂല നാസർ, നീലികുളം സദാനന്ദൻ, ബിന്ദു ജയൻ, മുനമ്പത്ത് വഹാബ്, കെ.കെ. സുനിൽകുമാർ, സെവന്തി കുമാരി, ഷിബു എസ്. തൊടിയൂർ എന്നിവർ സംസാരിച്ചു. എൻ. കൃഷ്ണകുമാർ, അൻസർ മലബാർ, രാജിനി, ജയ് ഹരി, എൻ. രാജു, സുധാകരൻ, നൗഷാദ്, കെ.ബി. ഹരിലാൽ, സുൾഫിഖാൻ, കയ്യാലത്തറ ഹരിദാസ്, രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ പ്രവർത്തകർ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മാതാപിതാക്കൾക്കും ഇളയ സഹോദരങ്ങൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ബിന്ദുകൃഷ്ണയും പ്രവർത്തകരും അവരോടൊപ്പം ആഹാരം കഴിക്കുകയും ചെയ്തു.