കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് റോഡരികിലെ മുറിച്ചിട്ട തടിക്കഷണത്തിൽ ഇരുന്ന ഗൃഹനാഥൻ മരിച്ചു. സദാനന്ദപുരം അജയഭവനത്തിൽ ചെല്ലപ്പൻ(64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുറിച്ച മരത്തിന്റെ തടിക്കഷണങ്ങളിൽ നാട്ടുകാർ ഇരിക്കുന്നത് പതിവാണ്. കാറിടിച്ചു തെറിച്ചുവീണ ചെല്ലപ്പൻ സമീപത്തെ മരത്തിൽ തലയടിച്ചുവീണ് മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരേതയായ തങ്കമ്മയാണ് ഭാര്യ. മക്കൾ: ഗിരിജ, അജയൻ, ഗീത. മരുമക്കൾ: സുരേന്ദ്രൻ, ബിന്ദു, ഉദയകുമാർ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.