കൊല്ലം: മുണ്ടയ്ക്കൽ ഗ്രാമത്തിലെ അമൃതകുളത്തിന്റെ സൗന്ദര്യവത്കരണത്തിന് പദ്ധതി തയ്യാറാക്കുന്നു. 9 ലക്ഷം രൂപയാണ് കോർപ്പറേഷൻ ഇതിനായി വകയിരുത്തിയിട്ടുള്ളത്. കുളത്തിന്റെ കൽക്കെട്ടുകളുടെ ഇടിഞ്ഞ ഭാഗങ്ങൾ പുനർ നിർമ്മിക്കുന്നതിന് പുറമേ അമൃതകുളത്തിന്റെ നാല് വശവും മുന്നിലെ പാർക്കിലും പ്രത്യേക വിളക്കുകൾ സ്ഥാപിച്ച് വെളിച്ചം ലഭ്യമാക്കുകയും ഇന്റർലോക്ക് പാകി ചുറ്റും മനോഹരമാക്കുകയും ചെയ്യും. ചെടികൾ വച്ചുപിടിപ്പിച്ച് പ്രകൃതിക്കിണങ്ങുന്ന തരത്തിൽ അമൃതകുളത്തെ സൗന്ദര്യവത്കരിക്കും. കുളത്തിന്റെ തനത് ഭംഗി നിലനിറുത്തിക്കൊണ്ടാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുക. നേരത്തേ കോർപ്പറേഷന്റെ ചുമതലയിൽത്തന്നെ ഇവിടെ സംരക്ഷണ ഭിത്തികളും ചുറ്റുവേലിയുമൊക്കെ ഒരുക്കിയിരുന്നു.
നീന്തൽക്കുളമാക്കും
കുട്ടികൾക്കും മുതിർന്നവർക്കും നീന്താനും, നീന്തൽ പഠിക്കാനും ഉപകരിക്കുന്ന തരത്തിൽ കുളത്തെ മാറ്റാനും തീരുമാനമായിട്ടുണ്ട്. തൊട്ടടുത്ത് തന്നെയുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്കുവേണ്ടി പ്രത്യേക നീന്തൽ പരിശീലനവും സംഘടിപ്പിക്കും. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവിടുത്തെ വെള്ളം ആളുകൾ ഉപയോഗിക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന കുളത്തിലെ വെള്ളം പുറത്തേക്ക് ഒഴുകാനുള്ള ഓവ് നിർമ്മിക്കേണ്ടതുണ്ട്. കുളത്തിന് മുന്നിലായി റോഡിനോട് ചേരുന്ന ഭാഗത്ത് നേരത്തേ നിർമ്മിച്ച പാർക്കിൽ വേണ്ടത്ര സൗകര്യമൊരുക്കിയിട്ടില്ല. ഇത് പുതിയ പദ്ധതിവഴി മനോഹരമാക്കുമെന്നാണ് പ്രതീക്ഷ.
വിസ്തൃതി ചുരുങ്ങി
അമൃതകുളമെന്ന പേരിൽ നിന്നാണ് നാടിനും ഈ പേര് ലഭിച്ചത്. ഈ കുളത്തിൽ നിന്നും ലഭിച്ച ശിവവിഗ്രഹമാണ് സമീപത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. ഒന്നേകാൽ ഹെക്ടർ വിസ്തൃതി ഉണ്ടായിരുന്നതാണ് ഈ കുളം. രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകൾക്കും വില്ലേജ് ഓഫീസിനുമുള്ള സ്ഥലം കണ്ടെത്തിയത് കുളത്തിന്റെ ഭാഗം നികത്തിയാണ്. ഇത് കൂടാതെയുള്ള കൈയേറ്റങ്ങളിലൂടെയും കുളത്തിന്റെ വിസ്തൃതി കുറഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം നഷ്ടപ്പെടാത്ത വിധം കുളത്തിന് സംരക്ഷണ വേലികൾ തീർത്തിട്ടുണ്ട്.
അമൃതകുളത്തിന് കോർപ്പറേഷൻ വകയിരുത്തിയ തുക - 9 ലക്ഷം രൂപ