food

കൊല്ലം: തിരഞ്ഞെടുപ്പുകാലം സ്ഥാനാർത്ഥികൾക്ക് ഊണും ഉറക്കവുമില്ലാത്ത കാലമാണ്. നിശ്ചയിച്ച പരിപാടികളിൽ ഓടിയെത്തുന്നതിനിടയിൽ ഉച്ചയൂണ് കൃത്യസമയത്ത് നടക്കണമെന്നില്ല. പ്രവർത്തകരും നേതാക്കളും തെളിക്കുന്ന വഴിയേ സ്ഥാനാർത്ഥിക്ക് നീങ്ങണം. അതിനാൽ ഭക്ഷണമൊന്നും സമയത്ത് കഴിക്കാൻ പറ്റിയെന്ന് വരില്ല. പക്ഷേ, ഇവിടെ കഥ ഇതല്ല.

വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. ഇടതുസ്ഥാനാർത്ഥിയുടെ പ്രചാരണ രംഗം. കൃത്യസമയത്തുതന്നെ ഉച്ചയൂണ് റെഡി. അതും ഒരു പ്രവർത്തകന്റെ വീട്ടിൽ. പൊരിവെയിലാണ്. രാവിലെ ഉണ്ടായിരുന്ന പ്രവർത്തകരെല്ലാം നട്ടുച്ചയ്ക്ക് ഉണ്ടാവാറില്ല. അങ്ങനെ ഒരു കേന്ദ്രത്തിലെ സ്വീകരണം 'വരണ്ടു'പോയി. സ്ഥാനാർത്ഥിയ്ക്കത് അത്ര രുചിച്ചില്ല. അതിനിടെയാണ് ഉച്ചഭക്ഷണം ഓർമ്മിപ്പിച്ച് ഒരു പ്രവർത്തകൻ എത്തിയത്. അതോടെ സ്ഥാനാർത്ഥി ചൂടായി. 'ഊണ് നമ്മൾ എന്നും കഴിക്കുന്നതല്ലേ, ഒരു ദിവസം കഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും'. ഒപ്പമുണ്ടായിരുന്ന രണ്ട് പ്രവർത്തകർക്കും 'വയറുനിറച്ച്' സ്ഥാനാർത്ഥിയുടെ വക ശകാരം കിട്ടി. സ്വീകരണം ശുഷ്കമായതിന്റെ ക്ഷീണം തീർക്കുകയായിരുന്നു സ്ഥാനാർത്ഥിയുടെ ലക്ഷ്യം. അതിനായി ഉച്ചയൂണ് തത്കാലം മാറ്റിവച്ച് സമീപത്തെ വീടുകൾ സന്ദർശിച്ചു.

അത് കഴിഞ്ഞപ്പോൾ ഏതാണ്ട് നാലുമണി. ഭക്ഷണം തയാറാക്കി വച്ചിരുന്ന വീട്ടിൽ മടങ്ങിയെത്തി. അപ്പോഴേക്കും വിശപ്പ് കലശലായി. പക്ഷേ, ഊണിന് മുന്നിൽ സ്ഥാനാർത്ഥി ആരെയൊക്കെയോ പ്രതീക്ഷിച്ച് കാത്തിരുന്നു. സമയം വീണ്ടും നീളുന്നു. ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ കാര്യം തിരക്കി. ഊണിന്റെ പേരിൽ താൻ ശകാരിച്ച രണ്ട് പ്രവർത്തകർ പിണങ്ങിപ്പോയോ എന്ന് സ്ഥാനാർത്ഥിക്ക് ശങ്ക. അവർ എത്തിയശേഷമേ ഊണ് കഴിക്കൂ എന്ന് വാശി. അതോടെ ഒപ്പമുണ്ടായിരുന്നവർ അവരെത്തേടി ഓടി.

വിളമ്പി വച്ചിട്ടും സ്ഥാനാർത്ഥി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിന്റെ കാരണം വീട്ടുകാർ തിരക്കി. അതോടെ വീട്ടുകാർക്കിടയിൽ അടക്കിപ്പിടിച്ച ചിരി. നോട്ടീസിൽ ഒരു മണിക്കായിരുന്നു ഉച്ചഭക്ഷണവും വിശ്രമവും വച്ചിരുന്നത്. എന്നാൽ ഊണ് കഴിക്കാതെ പിണങ്ങി പോയെന്ന് സ്ഥാനാർത്ഥി സംശയിച്ച രണ്ട് പ്രവർത്തകരും പന്ത്രണ്ടരയ്‌ക്ക് വന്ന് കുശാലായി ഊണ് കഴിച്ചു പോയതിന്റെ സത്യം വീട്ടുകാർ പൊട്ടിച്ചു. അടക്കിപ്പിടിച്ച ചിരി അതോടെ കൂട്ടച്ചിരിക്ക് വഴിമാറി. അപ്പോഴേക്കും പുറത്ത് കാത്തുകിടന്ന വാഹനത്തിൽ നിന്ന് അനൗൺസ്‌‌മെന്റ് മുഴങ്ങി.. 'നമ്മളെ അറിയുന്ന, നാട്ടാരെ അറിയുന്ന.. നമ്മുടെ സ്ഥാനാർത്ഥി... ഇതാ ഈ വാഹനത്തിന്റെ തൊട്ടുപിന്നിൽ...'