കൊല്ലം: പ്രായം ഇരുപതേ ആയിട്ടുള്ളൂവെങ്കിലും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് സെബ സലാം. അഞ്ച് വർഷം മുമ്പ് നാടുമുഴുവൻ തിരഞ്ഞെടുപ്പ് ആരവങ്ങളിലമർന്നപ്പോൾ അടുത്ത തവണ തനിക്കും വോട്ട്ചെയ്യാമല്ലോ എന്ന സന്തോഷത്തിലായിരുന്നു സെബ. പക്ഷേ കന്നി വോട്ടിടാൻ കാത്തിരുന്ന അവൾക്ക് വിധി വെല്ലുവിളിയുയർത്തുകയാണ്.
എറണാകുളം പാനായിക്കുളം പതുവന മഠത്തിൽ വീട്ടിലെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സെബയിപ്പോൾ. വോട്ടവകാശം വിനിയോഗിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ക്യൂവിൽ നിൽക്കാനാകില്ലെന്നതാണ് പ്രധാന പ്രശ്നം. ഭിന്നശേഷിക്കാരെ ബൂത്തിലെത്തിക്കാനും വോട്ടിടാനുമുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കുന്നുണ്ടെങ്കിലും സെബയുടെ കാര്യത്തിൽ അത് വിജയിക്കുമെന്നുറപ്പില്ല.
'സ്പൈനൽ മസ്കുലാർ അട്രോഫി" എന്ന രോഗം പിറന്നപ്പോഴേ സെബയ്ക്കൊപ്പമുണ്ട്. ഉമ്മ സാബിറയുടെയും വാപ്പ അബ്ദുൾ സലാമിന്റെയും സഹോദരന്റെയും സ്നേഹത്തണലാണ് അവളുടെ ആശ്വാസം. രോഗത്തിന് അവളിലെ കലയെ കീഴ്പ്പെടുത്താനായില്ല. സെബയുടെ വിരൽത്തുമ്പിൽ പിറന്ന ജീവസുറ്റ ചിത്രങ്ങൾ അതിനു സാക്ഷ്യം. 2017 വരെ പഠനത്തിൽ സജീവമായിരുന്നു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. സ്കൂളിലേക്കുള്ള യാത്ര വീൽചെയറിലായിരുന്നു. പ്ലസ് ടുവിന് 90 ശതമാനത്തിലധികം മാർക്ക് വാങ്ങി. ബി.കോമിന് ചേർന്നപ്പോൾ പിടിപെട്ട ന്യുമോണിയ വീണ്ടും ജീവിതത്തിന്റെ താളം തെറ്റിച്ചു. എന്നാൽ തളരാൻ തയ്യാറാകാതെ കലാലോകത്ത് ഡിജിറ്റൽ സ്കെച്ച് ബുക്കിലൂടെ അവൾ യാത്ര തുടർന്നു. വീണ്ടും പഠിക്കണമെന്ന മോഹമുണ്ടെങ്കിലും ഇപ്പോൾ മനസുനിറയെ തിരഞ്ഞെടുപ്പ് ആരവമാണ്.
18 വയസു കഴിഞ്ഞാൽ വോട്ട് ചെയ്യാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. അപ്പോൾ എനിക്കും ചെയ്യണ്ടേ? ബൂത്തിൽ പോകാൻ കഴിയില്ല. വോട്ടിടാൻ എന്താണ് മാർഗം? വോട്ടവകാശം ആദ്യമായി വിനിയോഗിക്കാനുള്ള ആഗ്രഹത്തിലാണ് ഞാൻ...സെബയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് തിരഞ്ഞടുപ്പ് കമ്മീഷനാണ്.