ഓച്ചിറ: രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ മാതാപിതാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അന്വേഷണം രാജസ്ഥാനിലേക്ക്. മുഖ്യപ്രതി മുഹമ്മദ് റോഷനും പെൺകുട്ടിയും ബംഗളൂരുവിൽ നിന്ന് രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെത്തേടി പൊലീസ് സംഘം ബംഗളൂരുവിൽ എത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണ് മറ്റൊരു സംഘത്തെ രാജസ്ഥാനിലേക്കയയ്ക്കാൻ തീരുമാനിച്ചത്. യുവാവും പെൺകുട്ടിയും എറണാകുളത്തു നിന്ന് ട്രെയിനിൽ കയറിപ്പോയതായാണ് പൊലീസിന് ലഭിച്ച സൂചന. ട്രെയിനുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അതിനിടെ മുഹമ്മദ് റോഷന്റെ ബന്ധുവിനെ ചോദ്യം ചെയ്തു. റോഷൻ യാത്രയ്ക്കിടെ ബന്ധുവിനെ വിളിച്ചിരുന്നതായി സംശയിച്ചായിരുന്നു ചോദ്യംചെയ്യൽ.
ഓച്ചിറ എസ്.ഐ ശിവകുമാറും സംഘവും കർണാടക പൊലീസിന്റെ സഹായത്തോടെയാണ് ബംഗളൂരുവിൽ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ പ്യാരി (19), തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി കുറ്റിത്തറയിൽ അനന്തു (20), ചങ്ങൻകുളങ്ങര തണ്ടാശേരിൽ തെക്കതിൽ വിപിൻ (20) എന്നിവരെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഇവർക്ക് കാർ വാടകയ്ക്ക് എടുത്തുകൊടുക്കാൻ സഹായിച്ച കൊറ്രമ്പള്ളി സ്വദേശിയായ യുവാവിനെയും കാർ ഉടമസ്ഥനെയും സംഭവത്തിൽ പങ്കില്ലെന്ന് മനസിലാക്കി പൊലീസ് വിട്ടയച്ചു.
24 മണിക്കൂർ ഉപവാസം
സംഭവത്തിൽ പൊലീസ് അനാസ്ഥയും ഭരണകക്ഷി ദുഃസ്വാധീനവും ആരോപിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഓച്ചിറയിൽ 24 മണിക്കൂർ ഉപവാസം ആരംഭിച്ചു. ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 7 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉപവാസ സമാപനയോഗം ഉദ്ഘാടനം ചെയ്യും.