കൊല്ലം : വിദ്യാർത്ഥികളോട് രാഷ്ട്രീയ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഒഫ് സ്റ്റുഡന്റ് സർവീസസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി തങ്കശ്ശേരി തിബേരിയാസ് തീരത്ത് സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രളയം, ഓഖി എന്നിവ പ്രതിരോധിക്കുന്നതിൽ നടത്തിയ ഇടപെടലുകൾ മന്ത്രി വിദ്യാർത്ഥികളോട് വിവരിച്ചു. എങ്ങനെ ശരിയായി നേതൃത്വം നൽകാം എന്ന വിഷയത്തിൽ മധു ഭാസ്‌കരൻ ക്ലാസ് നയിച്ചു. പ്രളയപ്രതിരോധത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളുമായി നടന്ന സംവാദത്തിൽ ബേസിൽ ലാൽ, ജോസഫ്, ഷിബിൻ എന്നിവർ പങ്കെടുത്തു. കേരള സർവകലാശാല സിൻഡിക്കേറ്റംഗം എം. ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ഡിപ്പാർട്ട്‌മെന്റ് ഒഫ് സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ ആർ. സിദ്ധിക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.എസ്. ജയദാസ്, എൻ. നൗഫൽ എന്നിവർ സംസാരിച്ചു.