കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടികൾക്ക് ഇന്നലെ തുടക്കമായി. രാവിലെ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ കറുകത്തറ ജംഗ്ഷനിൽ നിന്നാരംഭിച്ച ഒന്നാംഘട്ട സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിർവഹിച്ചു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കി രാജ്യത്തിന് മാതൃകയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡുകളും അതിവേഗ റെയിൽപ്പാതയും മികവുറ്റതാക്കി കേരളത്തെ വ്യവസായ - നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആലപ്പുഴയിൽ ചരിത്ര വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർ രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. വസന്തൻ, സ്ഥാനാർത്ഥി എ.എം. ആരിഫ്, എൽ.ഡി. എഫ് നേതാക്കളായ സി.ബി. ചന്ദ്രബാബു, എസ്. സുദേവൻ, പി.പി. ചിത്തരഞ്ജൻ, സൂസൻ കോടി, ആർ. സോമൻപിള്ള, സി. രാധാമണി, പി.കെ. ബാലചന്ദ്രൻ, ബി. സത്യദേവൻ, ജെ. ജയകൃഷ്ണപിള്ള, എം. ശോഭന, ശ്രീലേഖ കൃഷ്ണകുമാർ, ചവറ സരസൻ, കരിമ്പാലിൽ സദാനന്ദൻ, അഡ്വ. ബി. ഗോപൻ, അബ്ദുൽ സലാം അൽഹന, റെജി കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.