പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് സമീപത്ത് പുതിയ ഫ്ലൈ ഓവർ പണിയുന്നത് സംബന്ധിച്ച് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലപരിശോധന നടത്തി. ഇന്നലെ രാവിലെ 11ന് ഇത് സംബന്ധിച്ച് നഗരസഭാ ചെയർമാൻ കെ. രാജശേഖരന്റെ ചേമ്പറിൽ മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന ശേഷമാണ് ടൗണിൽ സ്ഥല പരിശോധന നടത്തിയത്. നേരത്തേ വൃന്ദാവനം ജംഗ്ഷനിൽ നിന്നും കച്ചേരി റോഡിലെത്താവുന്ന തരത്തിലായിരുന്നു ഫ്ലൈ ഓവർ പണിയാൻ ലക്ഷ്യമിട്ടത്. ഇത് സംബന്ധിച്ച് അന്ന് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാൽ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കു മുന്നിലൂടെ പുതിയ മലയോര ഹൈവേ വരുന്നത് കണക്കിലെടുത്ത് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു വേണം ഫ്ലൈ ഓവർ പണിയേണ്ടതെന്ന നിർദ്ദേശം മന്ത്രി യോഗത്തിൽ മുന്നോട്ട് വെച്ചു. ഇത് കണക്കിലെടുത്താണ് മന്ത്രിയുടെയും നഗരസഭാ ചെയർമാന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയത്. ഇവിടെ നിന്നും കച്ചേരി റോഡിലെത്തുന്ന തരത്തിൽ തിരുവനന്തപുരത്ത് അടുത്തിടെ പണിത മാതൃകയിൽ ഒരു കോടിയോളം രൂപ ചെലവഴിച്ച് രണ്ട് മീറ്റർ വീതിയിലാകും ഫ്ലൈ ഓവർ പണിയുക. കച്ചേരി റോഡിൽ സ്ഥിതി ചെയ്യുന്ന നഗരസഭാ കാര്യാലയം, താലൂക്ക് ആശുപത്രി, വില്ലേജ്, താലൂക്ക്, ഫോറസ്റ്റ് ഓഫീസുകൾ, കോടതികൾ, സബ് ട്രഷറി, താലൂക്ക് സപ്ലൈ ഓഫീസ്, സിവിൽ സ്റ്റേഷൻ അടക്കമുള്ള 60 ഓഫീസുകളിൽ എത്തേണ്ട കാൽനട യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുനലൂരിൽ ഫ്ലൈ ഓവർ പണിയാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ടൗണിലൂടെ കടന്ന് പോകുന്ന ദേശീയ പാത മുറിച്ചാണ് കാൽനടയാത്രക്കാർ വിവിധ ഓഫീസുകളിലെത്തുന്നത്. തിരുവനന്തപുരത്തെ സൺ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സംരംഭകരാണ് പദ്ധതി നിർമ്മാണത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, പുനലൂർ ഡിവൈ.എസ്.പി സതീഷ് കുമാർ, നഗരസഭാ സെക്രട്ടറി രേണുകാദേവി, പൊതുമരാമത്ത് - ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥല പരിശോധനയ്ക്ക് മന്ത്രിക്കും ചെയർമാനും ഒപ്പം എത്തിയിരുന്നു.