പുനലൂർ: ചുവട് ഒടിഞ്ഞ് എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്ന ടെലിഫോൺ പോസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ഭീഷണിയാവുന്നു. പുനലൂർ -പത്തനാപുരം പാതയിൽ നിന്നും പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ടെലിഫോൺ പോസ്റ്റാണ് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്നത്. അപകടം കൺമുന്നിലുണ്ടായിട്ടും പോസ്റ്റ് നീക്കം ചെയ്യാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന ഇരുമ്പ് പോസ്റ്റ് നിലം പൊത്താതിരിക്കാൻ നാട്ടുകാർ തടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് താങ്ങു കൊടുത്ത് നിറുത്തിയിരിക്കുകയാണ്. നിലവിൽ മണ്ണിന് അടിയിലൂടെയാണ് ടേലിഫോൺ കേബിൾ കടന്ന് പോകുന്നത്. ടെലിഫോൺ ലൈൻ മാറ്റി സ്ഥാപിച്ചപ്പോൾ അധികൃതർ ഇരുമ്പ് പോസ്റ്റ് പിഴുത് മാറ്റാൻ തയ്യാറായില്ല. സ്കൂൾ ബസ് അടക്കം നൂറ്കണക്കിന് വാഹനങ്ങളും കടന്ന് പോകുന്ന പാതയോരത്താണ് അപകടകരമായി ഇരുമ്പ് പോസ്റ്റ് നിൽക്കുന്നത്. ഇത് നീക്കം ചെയ്യണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
സ്കൂൾ വിദ്യാർത്ഥികൾ ഭീതിയിൽ
ഹയർ സെക്കൻഡറി സ്കൂളിന് പുറമേ തുമ്പോട് വഴി ദേശീയ പാതയിലെ വാളക്കോട്ട് എത്തുന്ന സമാന്തര പാതയോരത്ത് നിൽക്കുന്ന ഇരുമ്പ് പോസ്റ്റാണ് സമീപവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഭീഷണി ഉയർത്തുന്നത്. പുനലൂർ ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളിലായി പഠിക്കുന്ന 800 ഓളം വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഒടിഞ്ഞ് തൂങ്ങി നിൽക്കുന്ന ഇരുമ്പ് പോസ്റ്റിൻെറ കീഴിലൂടെ വേ ണം കടന്ന് പോകേണ്ടത്.