kunnathoor
യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം ക്രിയാത്മക നിലപാട് സ്വീകരിക്കേണ്ടതിനു പകരം നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭരണിക്കാവിൽ സംഘടിപ്പിച്ച കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നുവെന്ന വാർത്ത കേട്ടയുടൻ പിണറായിയും കോടിയേരിയും വാളെടുത്ത് ഉറഞ്ഞു തുള്ളുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുൽ ഉയർന്നു വരണമെന്ന് ഇടതുപക്ഷം അടക്കമുള്ള മതനിരപേക്ഷ കക്ഷികൾ നിരന്തരം ആവശ്യപ്പെടുമ്പോഴാണ് കേരളത്തിലെ നേതാക്കൾ നിഷേധാത്മക നിലപാടുമായി എത്തിയിരിക്കുന്നത്. സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ മൂലം തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ പടുകുഴിയിലേക്ക് മുങ്ങിപ്പോകുമെന്ന ഭയം അവരെ വേട്ടയാടുകയാണ്. രാജ്യത്ത് പൗരസ്വാതന്ത്ര്യം നിലനിന്നു പോകണമെന്ന് ആഗ്രഹിക്കുന്നവർ സി.പി.എമ്മിനും ബി.ജെ.പിക്കും വോട്ടു ചെയ്യില്ല. കേന്ദ്രത്തിൽ മോദി നടത്തുന്നത് ഏകാധിപത്യ ദുർഭരണമാണ്. ജനങ്ങളെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പ്രശ്നമാണ്. ഭരണഘടന പോലും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും തെന്നല വ്യക്തമാക്കി. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പി, നേതാക്കളായ ജി. ദേവരാജൻ, ഷിബു ബേബി ജോൺ, എം. അൻസാറുദ്ദീൻ, പി.സി. വിഷ്ണുനാഥ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, ആർ. ചന്ദ്രശേഖരൻ, എം.വി. ശശികുമാരൻ നായർ, അഡ്വ. ബിന്ദുകൃഷ്ണ, എം.ബി. ശ്രീകുമാർ, കെ. കൃഷ്ണൻകുട്ടി നായർ, ബിന്ദു ജയൻ, കല്ലട രമേശ്, കല്ലട ഫ്രാൻസിസ്, വഴുതാനത്ത് ബാലചന്ദ്രൻ, ഇടവനശ്ശേരി സുരേന്ദ്രൻ, ശരണ്യ മനോജ്, ഉല്ലാസ് കോവൂർ, കെ. സുകുമാരൻ നായർ, തുണ്ടിൽ നൗഷാദ്, പി. രാജേന്ദ്രപ്രസാദ്, കാരുവള്ളി ശശി, പി.കെ. രവി, അഡ്വ. തോമസ് വൈദ്യൻ, കല്ലട വിജയൻ, ഷീജാ രാധാകൃഷ്ണൻ, ശാസ്താംകോട്ട സുധീർ, ദിനേശ് ബാബു, വൈ. നജീം തുടങ്ങിയവർ പ്രസംഗിച്ചു.