കൊല്ലം: പൊതുഇടങ്ങളിൽ പെരുകുന്ന മാലിന്യനിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരുകൂട്ടം യുവാക്കൾ കൊല്ലം ആശ്രാമം മൈതാന നടപ്പാതയും പരിസരവും വൃത്തിയാക്കി. പ്രവാസിയായ സുജുചന്ദ്രൻ, ഭാര്യ ഡോ. പൂർണ്ണിമ, പബ്ലിക് റിലേഷൻ ആൻഡ് എച്ച്.ആർ കൺസൾട്ടന്റ്സ്, അനുമോൻ, ഹരി എന്നിവർ നേതൃത്വം നൽകി. ഹരിതകേരളം കൊല്ലം ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആശ്രാമം മൈതാന പാത ഇവർ വൃത്തിയാക്കിയത്. വരുംദിവസങ്ങളിൽ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കുമെന്ന് ഇവർ അറിയിച്ചു. കൊല്ലം കോർപ്പറേഷന്റെ അനുമതിയോടുകൂടി പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം കോർപ്പറേഷന് കൈമാറി. കൊല്ലം ജില്ലക്കാരുടെ വ്യായാമത്തിന് ഏക ആശ്രമമായ ആശ്രാമം നടപ്പാതയും പരിസരവും വളരെ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. വരുംദിവസങ്ങളിലും ചലഞ്ച് തുടരുമെന്ന് അനുമോൻ, സുജു എന്നിവർ അറിയിച്ചു.