premachandran

കൊല്ലം: പൊള്ളുന്ന മീനച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പു ചൂടിൽ തിളയ്ക്കുന്ന മണ്ഡലത്തിൽ പ്രചാരണവും തിളച്ചുമറിയുകയാണ്. ഇടതുമാറി വലതൊഴിഞ്ഞ്, വീണ്ടും ഇടതുമാറി വലത്തേക്കു പോയ ചരിത്രമാണ് കൊല്ലത്തിന്റേത്. പത്തു വർഷം മുമ്പ് കൈവിട്ടുപോയ മണ്ഡലം തിരികെപ്പിടിക്കാൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പ്രയോഗിക്കുകയാണ് കെ.എൻ ബാലഗോപാലിലൂടെ സി.പി.എം. സിറ്റിംഗ് എം.പിയും ആ‌ർ.എസ്.പി നേതാവുമായ എൻ.കെ പ്രേമചന്ദ്രനാകട്ടെ, വിജയാവർത്തനം പാർട്ടിയുടെ മാത്രമല്ല, സ്വന്തം നിലനിൽപ്പിന്റെ കൂടി പ്രശ്‌നം. എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി സാബു ബി.ജെ.പിയുടെ സാന്നിദ്ധ്യം അരക്കിട്ടുറപ്പിക്കാനുള്ള തേരോട്ടത്തിലാണ്.

1952 മുതൽ 2014 വരെയുള്ള 16 തിരഞ്ഞെടുപ്പുകളിൽ എട്ടു തവണ കൊല്ലം പിടിച്ചത് ആർ.എസ്.പി അഞ്ചു തവണ കോൺഗ്രസിനെയും രണ്ടു തവണ സി.പി.എമ്മിനെയും തുണച്ചു. 1996-ലും 98-ലും ഇടതുപക്ഷത്തു നിന്നു ജയിച്ച എൻ.കെ പ്രേമചന്ദ്രന് രണ്ടു തവണയും കാലാവധി പൂർത്തിയാക്കാനായില്ല. 1998-ൽ സീറ്റ് സി.പി.എം ഏറ്റെടുത്ത് ആർ.എസ്.പി യെ പ്രതിസന്ധിയിലാക്കി.1998-ലും 2004-ലും സി.പി.എം ജയിച്ചു. 2009-ൽ എൻ. പീതാംബരക്കുറുപ്പിലൂടെ കോൺഗ്രസ് വീണ്ടും സീറ്റ് പിടിച്ചെടുത്തു.

സ്വന്തം തട്ടകത്തിൽത്തന്നെ പാർട്ടി ഇല്ലാതാകുമോ എന്നു ഭയന്ന ആർ.എസ്.പി 2014-ൽ ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടതു വിട്ട് യു.ഡി.എഫിലെത്തി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ എൻ.കെ പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ പ്രഹരമേറ്റത് സി.പി.എമ്മിന്. 37,649 വോട്ടിന് ബേബിയെ തോൽപ്പിച്ച പ്രേമചന്ദ്രനോടു പകവീട്ടാൻ സി.പി.എം ഇക്കുറി കാത്തുവച്ച ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് കെ.എൻ ബാലഗോപാൽ.

വോട്ടർമാർക്കിടയിലെ സ്വീകാര്യതയും മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരവും പ്രേമചന്ദ്രന് അനുകൂല ഘടകമാകുമ്പോൾ മണ്ഡലത്തിലെ ഇടതുപക്ഷ ആധിപത്യവും വ്യക്തിപ്രഭാവവും ബാലഗോപാലിനും പ്രതീക്ഷയേകുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി സാബുവിന് അനുകൂല ഘടകമാകുന്നത് മോദി പ്രഭാവവും നാലു വർഷത്തിനിടെ മണ്ഡലത്തിൽ ബി.ജെ.പി നേടിയ രാഷ്ട്രീയ മുന്നേറ്റവും ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യവുമാണ്.

തൊഴിലാളികളുടെ ഈറ്റില്ലമായ മണ്ഡലത്തിൽ അവരുടെ നിലപാടിന് നിർണായക സ്വാധീനമുണ്ട്. മൂന്നു ലക്ഷത്തോളം കശുഅണ്ടി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, അസംഘടിത തൊഴിലാളി വിഭാഗം... വിധിനിർണയത്തിൽ ഇവരുടെ പങ്കാളിത്തം നിർണായകം.

മണ്ഡലത്തിലെ വികസനത്തിലൂന്നിയാണ് പ്രേമചന്ദ്രന്റെ പ്രചാരണം. പി.എഫ് പെൻഷൻ, മുത്തലാക്ക് ബില്ല് വിഷയങ്ങളിൽ സ്വീകരിച്ച നിലപാട് ന്യൂനപക്ഷത്തിന്റേതടക്കം വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടാൻ സഹായകമായെന്നാണ് വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് ആയുധമാക്കുന്നത്. ഏഴ് നിയമസഭാ സീറ്റുകളിലും ഒട്ടുമിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള മേൽക്കൈ തുണയാകുമെന്നും പ്രതീക്ഷിക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്രേമചന്ദ്രനുള്ള സ്വാധീനം തകർക്കാൻ അദ്ദേഹം 'സംഘി'യാണെന്ന പ്രചാരണമാണ് സി.പി.എം വ്യാപകമായി നടത്തുന്നത്. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നതുമായി ബന്ധപ്പെടുത്തി ആരംഭിച്ച പ്രചാരണം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കിയേക്കും. പ്രതിരോധവുമായി യു.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പിയോടുള്ള വോട്ടർമാരുടെ കാഴ്ചപ്പാട് മാറിയെന്നാണ് കെ.വി സാബുവിന്റെ വിലയിരുത്തൽ.

2014- ലെ വോട്ടു നില

എൻ.കെ പ്രേമചന്ദ്രൻ (യു.ഡി.എഫ്): 4,08,528

എം.എ ബേബി (എൽ.ഡി.എഫ്): 3,70,879

പി.എം വേലായുധൻ (ബി.ജെ.പി): 58,671

എൻ.കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം: 37,649