കരുനാഗപ്പള്ളി: പൊള്ളുന്ന വേനൽച്ചൂട് കരുനാഗപ്പള്ളിയിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ച് തുടങ്ങി. വേനൽ കടുത്തതോടെ വിനോദസഞ്ചാരികളുടെ വരവ് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഹൗസ്ബോട്ട് യാത്ര ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പള്ളിക്കലാറിന്റെ തീരത്തുള്ള കന്നേറ്രി ശ്രീനാരായണഗുരു ബോട്ട് ടെർമിനലിൽ വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പൊള്ളുന്ന വെയിലും ഉഷ്ണക്കാറ്റുമാണ് ടൂറിസ്റ്റുകളുടെ വരവിനെ തടസപ്പെടുത്തുന്നത്. വിനോദ സഞ്ചാരികൾക്കായി രണ്ട് ഹൗസ് ബോട്ടുകളാണ് ഇവിടെയുണ്ടായിരുന്നത്. കഴിഞ്ഞ വർഷം വരെ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തിയിരുന്നത് ഇവിടെയാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് സീസൺ. കന്നേറ്റി കായൽ ടൂറിസവുമായി ബന്ധപ്പെട്ട് ഇടക്കനാലുകൾ ധാരാളമുള്ളതിനാൽ വിദേശ വിനോദ സഞ്ചാരികൾക്ക് ഇവിടം ഏറെ പ്രീയപ്പെട്ടതാണ്. കഴിഞ്ഞ വർഷം ലഭിച്ച വരുമാനത്തിന്റെ നാലിൽ ഒന്നു പോലും ഇക്കൊല്ലം ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. സെന്ററിന്റെ വരുമാനം കുറഞ്ഞതോടെ ഇവിടത്തെ 2 ഹൗസ് ബോട്ടുകളിൽ ഒരെണ്ണം കൊല്ലത്തേക്ക് തിരികെ കൊണ്ടുപോയി.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ശ്രമം
സീസൺ തുടങ്ങിക്കഴിഞ്ഞാൽ വിദേശികൾക്കൊപ്പം സ്വദേശികളും ധാരാളമായി ബോട്ട് യാത്രയ്ക്ക് എത്തിയിരുന്നു. പള്ളിക്കലാറിലും ശാഖകളിലും കായലിന്റെ വീതി കുറവായതിനാൽ വിനോദ സഞ്ചാരികൾക്ക് പ്രകൃതി രമണീയമായ കാഴ്ചകൾ കാണുന്നതിനും ഫോട്ടോകൾ എടുക്കുന്നതിനും കഴിയുമായിരുന്നു. വിശാലമായ കൊതിമുക്ക് കായലിൽ ഹൗസ് ബോട്ടിൽ ഇരുന്നു കൊണ്ട് അറബിക്കടലിലെ സൂര്യാസ്തമനം കാണുന്നതാണ് വിദേശികൾക്ക് ഏറെ ഇഷ്ടം. 10 പേർക്ക് യാത്ര ചെയ്യാവുന്ന ഹൗസ് ബോട്ടിൽ 5 മണിക്കൂർ കായൽ യാത്ര നടത്തുന്നതിന് ആഹാരം ഉൾപ്പെടെ 10300 രൂപയാണ് ഡി.ടി.പി.സി ഈടാക്കുന്നത്. അകർഷകമായ പാക്കേജുകൾ നൽകി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് ഡി.ടി.പി.സി അധികൃതർ.