പുനലൂർ: പുനലൂർ - ഗുരുവായൂർ ട്രെയിനിൽ യാത്ര ചെയ്ത വീട്ടമ്മയെ മർദ്ദിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ മങ്ങാട് സ്വദേശിനി ജെയിൻ ജോസഫിന്റെ മാല പൊട്ടിക്കാൻ ശ്രമിച്ച മദ്ധ്യപ്രദേശ് സ്വദേശിയായ കമൽ ബാക്കൂറിനെയാണ് (20) പുനലൂരിലെ റെയിൽവേ പൊലീസ് എസ്.ഐ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. പുനലൂരിലെ മകളുടെ വീട്ടിലെത്തിയ ശേഷം വീട്ടമ്മ കൊല്ലത്ത് പോകാൻ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തി. വൈകിട്ട് 6ന് ഗുരുവായൂരിലേക്കുള്ള ട്രെയിനിൽ കയറി. പുനലൂരിൽ നിന്നു പുറപ്പെട്ട ട്രെയിൻ കുണ്ടറയിലെത്തിയപ്പോൾ മറ്റ് യാത്രക്കാരില്ലാത്ത അവസരം നോക്കി ട്രെയിനിലുണ്ടായിരുന്ന യുവാവ് വീട്ടമ്മയെ മർദ്ദിച്ച ശേഷം മാല കവരാൻ ശ്രമം നത്തി. ശബ്ദം കേട്ട മറ്റ് യാത്രക്കാർ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയും പൊലീസുകാർ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പുനലൂരിലെ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്നലെ രാവിലെ പുനലൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എ.എസ്.ഐ ഷാജഹാൻ, സി.പി.ഒമാരായ രവീന്ദ്രൻ, വിത്സൻ, മുകേഷ് തുടങ്ങിയവരും എസ്.ഐക്കൊപ്പം ഉണ്ടായിരുന്നു.