balagopal-with-family

കൊല്ലം: തിരുവനന്തപുരം നീറമൺകര എൻ.എസ്.എസ് കോളേജിലെ ഇംഗ്ളീഷ് അദ്ധ്യാപിക ആശാ പ്രഭാകരൻ ആകെ ടെൻഷനിലായിരുന്നു. ക്ളാസിൽ വിദ്യാർത്ഥികളെ ഇംഗ്ളീഷ് സാഹിത്യം പഠിപ്പിക്കുമ്പോഴും ഇടയ്‌ക്ക് മനസ്സ് കൊല്ലത്തേക്കു പറക്കും. ടെൻഷൻ കൂടിയപ്പോൾ കുറച്ചുദിവസം ലീവെടുത്ത് കൊല്ലത്തേക്കു പോന്നു. കൊല്ലത്തെ ഇടതു സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിന്റെ ഭാര്യയാണ് ആശ. മകൻ ഏഴാം ക്ളാസുകാരൻ ശ്രീഹരിയെയും കൂട്ടി കൊല്ലത്തെത്തിയ ആശ ബാലഗോപാലിന്റെ പ്രചാരണ പരിപാടിക്ക് തുണ ചേരുന്നു.

കഴിഞ്ഞദിവസം കാവനാട് സ്ഥാനാർത്ഥിയോടൊപ്പം എത്തിയ ആശയുടെ ടെൻഷൻ തണുത്തത് ജനങ്ങളുടെ ആവേശം കണ്ടപ്പോഴാണ്. കൊല്ലത്തെ തീപാറുന്ന മത്സരം വാശിയേറിയതാണെന്നറിയാം. പക്ഷേ, സ്വീകരണ സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും നൽകുന്ന സ്നേഹം കാണുമ്പോൾ ടീച്ചറുടെ മനസ്സ് നിറയും.

"ബാലഗോപാൽ ജനങ്ങൾക്ക് ഒട്ടും അപരിചിതനല്ല, അവരുടെ സ്നേഹവും സന്തോഷവും മാത്രമല്ല, കൂട്ടത്തിൽ ഒരാളായിത്തന്നെയാണ് അവർ അദ്ദേഹത്തെ കാണുന്നത്." ഭർത്താവിനൊപ്പം പ്രചാരണത്തിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കിടുകയാണ് ആശ.

"ബാലഗോപാലിന്റെ തട്ടകമാണ് കൊല്ലം. കോളേജ് പഠനകാലം മുതൽ നടത്തിയ പ്രവർത്തനങ്ങളും രാജ്യസഭാംഗമെന്ന നിലയിൽ നടത്തിയ പ്രവർത്തനവും ജനങ്ങൾക്ക് നന്നായറിയാം. രാഷ്ട്രീയ പ്രവർത്തനത്തെ സാമൂഹ്യസേവനമായാണ് കാണുന്നത്. അതിന്റെ പ്രതിഫലനമാണ് ജനങ്ങളിൽ നിന്നുണ്ടാകുന്നത്. കൊല്ലത്ത് ബാലഗോപാൽ ജയിക്കും." ഭർത്താവ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായതിൽ ടീച്ചർക്ക് അഭിമാനമേയുള്ളു. ബാലഗോപാൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നപ്പോഴായിരുന്നു വിവാഹം.

കൊടുംചൂട് വകവയ്‌ക്കാതെ അവിശ്രമം തുടരുന്ന പ്രചാരണത്തിൽ ഭർത്താവിന് എല്ലാ പിന്തുണയുമായി ആശയും മകനും കൊല്ലം മാടൻനടയിൽ വീടെടുത്ത് താമസമാക്കി. ഇനി തിരഞ്ഞെടുപ്പ് കഴിയും വരെ കൊല്ലത്തുണ്ടാകും. പരവൂരിലും കഴിഞ്ഞ ദിവസം ബാലഗോപാലിനൊപ്പം ആശയും മകനും പോയിരുന്നു. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ കെ. പ്രഭാകരന്റെ മകളാണ് ആശ.പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ കല്യാണിക്കും രാഷ്ട്രീയമുണ്ട്. കൊല്ലത്തെത്തി അച്ഛന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ക്ളാസ് കളയാനാണ് ബുദ്ധിമുട്ട്.