kollam-beach
കൊല്ലം ബീച്ച്

കൊല്ലം: തിരകളോട് പരിധിവിട്ട് സല്ലപിച്ചാൽ ജീവനെടുക്കുമെന്ന് പലയാവർത്തി പറഞ്ഞതാണ്. എന്നിട്ടും മുന്നറിയിപ്പുകൾക്ക് വിലകൽപ്പിക്കാതെ കൊല്ലം ബീച്ചിലെ തിരകൾ കണ്ട് മതിമറന്നവർ അപകടത്തിൽപ്പെട്ട സംഭവങ്ങൾ ഏറെ. ഞായറാഴ്ച യുവദമ്പതികളെ തിരയിൽപ്പെട്ട് കാണാതായതാണ് ഒടുവിലത്തെ സംഭവം. കൊല്ലം ബീച്ചിൽ അപകടം വിതയ്ക്കുന്നത് തിരകളല്ല, ബീച്ചിന്റെ കിടപ്പാണ് പ്രശ്നം. ഇതറിയാത്തവരും അറിഞ്ഞിട്ടും വകവയ്ക്കാതെ ആർത്തുല്ലസിക്കുന്നവരുമാണ് അപകടത്തിൽപ്പെടുന്നത്.

 കളിയല്ല, അപകടം അരികെ

ലൈഫ് ഗാർഡുകൾ എത്ര ഉപദേശിച്ചാലും ഇവിടെയെത്തുന്നവർ മുഖവിലയ്ക്കെടുക്കാറില്ല. തിര ശക്തമായി അടിക്കുന്ന സ്ഥലത്ത് കെട്ടിയിട്ടുള്ള സംരക്ഷണ കയറും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെയാണ് ചിലർ തിരയിലേക്കിറങ്ങുന്നത്. തടയുന്ന ലൈഫ്ഗാർഡുകളോട് വഴക്കിടുന്നതും ചിലർക്ക് ഹരമാണ്.

അവധി ദിനങ്ങളിൽ കുറഞ്ഞത് പതിനായിരം പേരെങ്കിലും കൊല്ലം ബീച്ചിലെത്തുമെന്നാണ് കണക്ക്. പക്ഷെ ഇവരുടെ സംരക്ഷണത്തിന് ഒന്നിടവിട്ട ദിവസം നാല് ലൈഫ് ഗാർഡുകൾ വീതമാണ് ആകെയുള്ളത്. കൂടുതൽ ലൈഫ് ഗാർ‌ഡുമാരെ നിയോഗിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതർ കേട്ട ലക്ഷണം പോലും കാണിക്കുന്നില്ല.


 വെളിച്ചം നടപ്പാതയിൽ മാത്രം

കൊല്ലം ബീച്ചിൽ നടപ്പാതയിൽ മാത്രമാണ് ലൈറ്റുകളുള്ളത്. നടപ്പാതയിൽ നിന്ന് ഏകദേശം അമ്പത് മീറ്ററോളം അകലെ വരെ തീരമുണ്ട്. തിരയടിക്കുന്ന ഈ ഭാഗത്ത് സന്ധ്യകഴിഞ്ഞാൽ കൂരിരുട്ടാണ്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ കൂറ്റൻതിരകളെത്തിയാൽ ആരുടെയും കാഴ്ചയിൽപെടില്ല. ഇതിന് പുറമെ ബീച്ചിന്റെ വിസ്തൃതിയും വർദ്ധിക്കുകയാണ്. പോർട്ടിലേക്കുള്ള റോഡ് വികസിച്ചതോടെ ഈ ഭാഗങ്ങളിലും ജനങ്ങൾ തമ്പടിക്കുകയാണ്.

 കോസ്റ്റൽ പൊലീസിന്റെ നിരീക്ഷണം പേരിന് മാത്രം

കാപ്പിൽ മുതൽ അഴീക്കൽ വരെയുള്ള അധികാര പരിധിയിൽ നിരീക്ഷണം നടത്താൻ ഇപ്പോൾ ഒരു ബോട്ട് മാത്രമാണ് കോസ്റ്റൽ പൊലീസിനുള്ളത്. കടൽ പ്രക്ഷുബ്ധമായി നിൽക്കുന്ന ഘട്ടങ്ങളിൽ മാത്രമാണ് ബീച്ച് കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ് കടലിൽ നിന്ന് മുന്നറിയിപ്പ് നൽകാറുള്ളത്. അവധി ദിനങ്ങളിലും ബീച്ച് കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഉണ്ടാകണമെന്ന ആവശ്യം ഇതുവരെയും നടപ്പായില്ല. നിലവിൽ അപകടങ്ങൾ ഉണ്ടായ ശേഷമാണ് കോസ്റ്റൽ പൊലീസ് എത്തുന്നത്.

 കൊല്ലം ബീച്ചിലെ അപകടം

മറ്റുള്ള ബീച്ചുകളിൽ നിന്ന് വത്യസ്തമായി തീരം കഴിഞ്ഞാൽ കുത്തനെ താഴ്ന്നാണ് കൊല്ലം ബീച്ചിന്റെ കിടപ്പ്. തീരത്ത് നിന്നുള്ള അകലത്തിനനുസരിച്ച് ആഴവും കൂടും. തങ്കശ്ശേരിയിൽ കൂറ്റൻ പുലിമുട്ട് വന്നതിൽ പിന്നെ ഇരട്ടി ശക്തിയോടെയാണ് തിരകൾ ഇവിടെ ആഞ്ഞുവീശുന്നത്.