കൊല്ലം : ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 16 വർഷങ്ങൾക്ക് മുമ്പ് കാണാതായ ക്ലാപ്പന വടക്ക് കുടുംബത്ത്കാല വീട്ടിൽ ബർണാഡ് ക്രൂസിന്റെ മകൾ സോളിയെ കണ്ടെത്തി. 18 വയസ് പൂർത്തിയായ ദിവസം സോളി കാമുകൻ പ്രിൻസിനൊപ്പം നാട് വിടുകയായിരുന്നു. തുടർന്ന് പിതാവ് ബർണാഡ് ക്രൂസ് ഓച്ചിറ പൊലീസിൽ പരാതി നൽകി. പിതാവിന്റെ മൊഴിപ്രകാരം ഓച്ചിറ പൊലീസ് 2003 ഫെബ്രുവരി 3ന് കേസ് രജിസ്റ്റർ ചെയ്തു. വിവാഹിതരായ സോളിയും പ്രിൻസും കേരളത്തിന്റെ വടക്കൻ ജില്ലയിൽ ഏറെക്കാലമായി ഒളിവിൽ താമസിക്കുകയായിരുന്നു. പിതാവ് ബർണാഡ് ക്രൂസിന്റെ മരണത്തോടെ അവർ ക്ലാപ്പന ഭാഗത്തെത്തി താമസമാക്കി. ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ ഡിസ്ട്രിക് മിസ്സിംഗ് പേഴ്‌സൺ ട്രാക്കിംഗ് യൂണിറ്റിലെ പ്രത്യേക അന്വേഷണ സംഘമാണ് സോളിയെയും ഭർത്താവിനെയും ക്ലാപ്പനയിലെ വീട്ടിൽ നിന്ന് ഇന്നലെ കണ്ടെത്തിയത്. സോളിക്ക് 9-ാം ക്ലാസിലും 2-ാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. ഒടുവിൽ സോളിയെ ഭർത്താവിനൊപ്പം പോകാൻ കോടതിയും അനുമതി നൽകി. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ ജി. സർജു പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരികുമാർ, എ.എസ്.ഐ ജയപ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.