കരുനാഗപ്പള്ളി: പാവുമ്പ നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായിട്ട് വർഷം അഞ്ച് പിന്നിട്ടു. കഴിഞ്ഞ വർഷം വരെ വേനൽക്കാലത്ത് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല. ഇതോടെയാണ് ദുരിതം ഇരട്ടിയായത്.
അഞ്ച് വർഷത്തിന് മുമ്പ് പാവുമ്പയിൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രദേശത്ത് കുടിവെള്ളം ക്ഷാമത്തിന് തുടക്കമായത്.
അഴയകാവിലെ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളമാണ് ഈ പ്രദേശങ്ങളിൽ വിതരണം ചെയ്തിരുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി പാവുമ്പ പാലത്തിന് കിഴക്ക് ഭാഗത്തുള്ള എട്ട് വാർഡുകളിലെ ജനങ്ങൾക്ക് വെള്ളം എത്തിച്ചിരുന്ന പൈപ്പ് ലൈൻ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വച്ച് വാട്ടർ അതോറിറ്റി ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ ഈ പ്രദേശത്തേക്കുള്ള ജലവിതരണം അക്ഷരാർത്ഥത്തിൽ നിലച്ചു.
ഇവിടുത്തെ വീടുകളിൽ കിണറുകൾ ഉണ്ടെങ്കിലും മാർച്ച് മാസത്തോടെ വറ്റി വരളും. ഇവ വീണ്ടും ജലസമൃദ്ധമാകണമെങ്കിൽ കാലവർഷം കനിയണം. ഇക്കാരണത്താൽ വേനൽക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാർ ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. പാലത്തിന് കിഴക്ക് വശത്തുള്ള പ്രദേശങ്ങൾ ഭൂനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ ആയതിനാൽ കുഴൽക്കിണറുകളിൽ നിന്നുള്ള വെള്ളവും പൈപ്പ് ലൈനിൽ എത്തില്ല.
നാല് വർഷങ്ങൾക്ക് മുമ്പ് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി 2.3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നെങ്കിലും ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടായില്ല.
നിർമ്മാണം പൂർത്തിയാക്കിയ പാവുമ്പ പാലം നാട്ടുകാർക്ക് തുറന്ന് നൽകിയെങ്കിലും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാത്രം ആരും മിനക്കെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പാലത്തിന്റെ നിർമ്മാണം പൂർത്തിയായ ശേഷം വീണ്ടും വാട്ടർ അതോറിറ്റി 2.85 ലക്ഷം രൂപയുടെ മറ്റൊരു എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറി. പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിയിൽ പണം അടച്ചെങ്കിൽ മാത്രമേ പുതിയ പൈപ്പ് ലൈൻ ഇടുന്നതിനുള്ള ജോലികൾ ആരംഭിക്കാൻ കഴിയൂ. എന്നാൽ നാളിതുവരെയും ഇതിനുള്ള നടപടിയും ആരംഭിച്ചില്ല.
ഫയൽ കളക്ടറുടെ പരിഗണനയിൽ
പ്രദേശത്തെ കുടിവെള്ളപ്രശ്നം രൂക്ഷമായതോടെ വിഷയം കരുനാഗപ്പള്ളി താലൂക്ക് വികസനസമിതി യോഗത്തിൽ ചർച്ച ചെയ്തു. പ്രശ്നത്തിന് അടിന്തരമായി പരിഹാരം കാണാൻ യോഗത്തിൽ തീരുമാനമായി. ആർ. രാമചന്ദ്രൻ എം.എൽ.എ പ്രശ്നത്തിൽ ഇടപെടുകയും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4.15 ലക്ഷം രൂപ നൽകാൻ തീരുമാനിക്കുകയും ചെയ്തു. അനന്തര നടപടികൾക്കായി ഫയൽ ഇപ്പോൾ ജില്ലാ കളക്ടറുടെ പരിഗണനയിലാണ്.