പുനലൂർ: മൂന്ന് മാസമായി മുടങ്ങിക്കിടന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ നവീകരണം വീണ്ടും ആരംഭിച്ചു. ഡിപ്പോയുടെ മുന്നിലെ യാർഡിൽ തറയോട് പാകുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇതിന്റെ മുക്കാൽ ഭാഗത്തോളം മൂന്ന് മാസം മുമ്പുതന്നെ പൂർത്തിയായിരുന്നു.
എന്നാൽ യാർഡിന്റെ മദ്ധ്യത്ത് ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കാത്തതാണ് നിർമ്മാണത്തിന് തടസമായിരുന്നത്. പിന്നീട് നഗരസഭ ചെയർമാൻ അടക്കമുളളവർ ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ച് നീക്കിയെങ്കിലും ജോലികൾ അനന്തമായി നീണ്ടു. ആറ് മാസമായി നടക്കുന്ന നവീകരണം അവസാനിക്കാത്തതിൽ യാത്രക്കാരും അതൃപ്തരായിരുന്നു.
ഇത് ചൂണ്ടിക്കാട്ടി മുമ്പ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ ഇടപെടലിനെ തുടർന്നാണ് ഇന്നലെ നവീകരണ ജോലികൾ ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽ യാർഡിൽ തറയോട് പാകുന്ന ജോലികൾ പൂർത്തിയാക്കും. ഇത് കൂടാതെ സമീപത്തെ ഡിപ്പോയുടെ മുകളിൽ സ്ത്രീകൾക്കായുളള വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
2 കോടിയുടെ നവീകരണം
മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന അനുവദിച്ച 1.60 കോടി രൂപ ചെലവഴിച്ചാണ് ഡിപ്പോയിൽ നവീകരണം നടക്കുന്നത്. ഇത് കൂടാതെ ഡിപ്പോയ്ക്കു മുന്നിൽ പ്രധാന കവാടം, വിശ്രമകേന്ദ്രം, സെക്യൂരിറ്റി മുറി തുടങ്ങിയവയും ഉടൻ നിർമ്മിക്കും. ഇതിനായി 50 ലക്ഷം രൂപ കൂടി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. യാർഡിന്റെ നവീകരണം പൂർത്തിയാകുന്നതോടെ പ്രധാന കവാടത്തിന്റെയും മറ്റും നിർമ്മാണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.