vellimoonga

പത്തനാപുരം: കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിവരണ്ടതോടെ ദുരിതപർവം താണ്ടി പക്ഷിമൃഗാദികൾ. കനത്ത ചൂടിനെ തുടർന്ന് പട്ടാഴിയിൽ അപൂർവ ഇനം വെള്ളിമൂങ്ങ ചത്തുവീണു. പട്ടാഴി കടുവാതോട് ജംഗ്‌ഷന് സമീപമാണ് വെള്ളിമൂങ്ങയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഏകദേശം രണ്ട് വയസ് പ്രായമുള്ള മൂങ്ങയാണ് ചത്തത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകർ മൂങ്ങയെ വനവകുപ്പ് ഓഫീസിലെത്തിച്ചു. വെറ്ററിനറി സർജന്റെ നേതൃത്ത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഇത് മറവ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പുനലൂർ , പത്തനാപുരം അടക്കമുളള ജില്ലയുടെ കിഴക്കൻ മേഖല ഒരോദിവസം കഴിയുംതോറും കനത്ത ചൂടിൽ വെന്തുരുകുകയാണ്. പുനലൂരിൽ ചൂട് ഇന്നലെയും 39 ഡിഗ്രി കടന്നു. വനമേഖലയിലെ നീരുറുവകൾ വറ്റിയതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന അവസ്ഥയാണ്.