photo
കടൽ തീരത്ത് കമഴ്ത്തി വെച്ചിരിക്കുന്ന കട്ടമരങ്ങൾ.

കരുനാഗപ്പള്ളി: ''മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കട്ടമരങ്ങൾ കടൽത്തീരത്ത് കമഴ്ത്തി വെച്ചിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. കടലമ്മ കനിയാത്തതിനാൽ മീൻ പിടിക്കാൻ കടലിൽ പോകുന്നില്ല. വീട് അരപ്പട്ടിണിയിലാണ്''. കട്ടമരത്തൊഴിലാളിയായ വേണുവിന്റെ വാക്കുകളാണിത്. ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ വറുതിയുടെ പിടിയിലകപ്പെട്ടിട്ട് ആഴ്ചകൾ പിന്നിടുന്നു. കടലിൽ പോയാൽ വെറും കൈയോടെ മടങ്ങേണ്ടി വരേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. മുമ്പ് പൊങ്ങ് മരങ്ങൾ കൊണ്ട് നിർമ്മിച്ച കട്ടമരത്തിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. സുനാമി ദുരന്തത്തിന് ശേഷം പൊങ്ങുതടികളുടെ സ്ഥാനം ഫൈബർ കൈയടക്കി. വലിയയിനം മത്സ്യബന്ധന യാനങ്ങൾ തീരത്തിനടുത്തെത്തി മത്സ്യബന്ധനം നടത്തുന്നതിനാലാണ് കട്ടമരത്തൊഴിലാളികൾക്ക് മീൻ ലഭിക്കാത്തതെന്ന് പറയുന്നു. കട്ടമരത്തൊഴിലാളികൾ കൊണ്ട് വരുന്ന മത്സ്യത്തിൽ ഐസ് ഉപയോഗിക്കാത്തതിനാൽ ആവശ്യക്കാരേറെയാണ്. മത്സ്യവുമായി എത്തുന്ന ഒരു കട്ടമരത്തെ സഹായിക്കാനായി കരയിൽ 4 തൊഴിലാളികളുണ്ടാവും. ആലപ്പാട്ട് പഞ്ചായത്തിൽ ഉടനീളം പുലിമുട്ടുകൾ നിർമ്മിക്കണമെന്നും തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന ബോട്ടുടമകളുടെ മേൽ നടപടി സ്വീകരിക്കണമെന്നുമാണ് കട്ടമര ത്തൊഴിലാളികളുടെ ആവശ്യം.

ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ കട്ടമര മത്സ്യത്തൊഴിലാളികൾ 250

കട്ടമരത്തെ ആശ്രയിച്ച് അനുബന്ധ തൊഴിൽ ചെയ്യുന്നവർ 1000

 കട്ടമരത്തിൽ ഒരു മത്സ്യത്തൊഴിലാളി

കട്ടമരത്തിൽ ഒരു മത്സ്യത്തൊഴിലാളിയാണ് കടലിൽ പോകുന്നത്. കട്ടമരം തുഴയാൻ മുളപ്പങ്കായം മാത്രമാണ് ഉപയോഗിക്കുന്നത്. കരയിൽ നിന്ന് 2 കിലോമീറ്റർ വരെ ഉള്ളിലേക്ക് പോയി വലയിടാറുണ്ട്. പുലർച്ചെ 3 മണിക്ക് പോയി രാവിലെ 8 മണിയോടെയാണ് തിരികെയെത്തുന്നത്. ചാളവല, അയലവല, റാളുവല, വെക്കട വല എന്നിവ ഉപയോഗിച്ചാണ് മീൻ പിടിക്കുന്നത്. ചാളവലയാണ് സാധാരണയായി ഉപയോഗിക്കാറ്.