കൊല്ലം: ദിനംപ്രതി ക്രമാതീതമായി വർദ്ധിക്കുന്ന വേനൽച്ചൂടിനൊപ്പം നഗരത്തിൽ കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. കിളികൊല്ലൂർ, കരിക്കോട്, പുന്തലത്താഴം, ഇരവിപുരം, അഞ്ചാലുംമൂട് മേഖലകളിലുള്ളവർ ശുദ്ധജലത്തിനായി വലയുകയാണ്. ജല അതോറിറ്റി നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് 25 എം.എൽ.ഡിയിൽ നിന്ന് 35 ആയി ഉയർത്തിയിട്ടും പ്രശ്നം പരിഹരിക്കാനാകുന്നില്ല.
ശാസ്താംകോട്ട തടാകത്തിൽ നിന്ന് പ്രതിദിനം 15 മെഗാ ലിറ്റർ ജലമാണ് നഗരത്തിലേക്കെത്തുന്നത്. ഇതിന് പുറമെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൊട്ടിയത്തെ ടാങ്കിൽ നിന്ന് നേരത്തെ പത്ത് മണിക്കൂറായിരുന്ന കുടിവെള്ള വിതരണം വരൾച്ച രൂക്ഷമായതോടെ 24 മണിക്കൂറായി വർദ്ധിപ്പിക്കുകയും ചെയ്തു. എന്നിട്ടും പല മേഖലകളിലും കുടിവെള്ളം എത്തുന്നില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായാൽ ജപ്പാൻ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന കുടിവെള്ളത്തിന്റെ അളവ് കുറയാൻ സാദ്ധ്യതയുണ്ട്.
കുടിവെള്ള വിതരണത്തിന് 38.50 ലക്ഷം രൂപയുടെ അനുമതി
ഏപ്രിൽ 1 മുതൽ മേയ് 31 വരെ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ 22 ലക്ഷം രൂപ വരെ ചെലവഴിക്കാൻ കോർപ്പറേഷന് സർക്കാർ അനുമതി നൽകി. ഈ മാസത്തെ വിതരണത്തിന് 16.50 ലക്ഷം രൂപ ചെലവഴിക്കാൻ നേരത്തെ പ്രത്യേക അനുമതിയും നൽകിയിരുന്നു.
ശാസ്താംകോട്ട തടാകത്തിൽ ജലനിരപ്പ് താഴുന്നു
ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ഓരോ ദിവസവും ഒന്നര മുതൽ രണ്ട് സെന്റി മീറ്റർ വരെ താഴ്ന്ന് കൊണ്ടിരിക്കുകയാണ്. 48 സെ. മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഇടയ്ക്ക് ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ ജലനിരപ്പ് പൂജ്യത്തിന് താഴേക്ക് പോകും. ഈ സ്ഥിതിയിലെത്തിയാൽ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം മുൻകാലങ്ങളിലേത് പോലെ വെട്ടിക്കുറയ്ക്കേണ്ടി വരും.