road
പുനലൂർ -കാര്യറ റോഡിന് സമീപത്തെ റെയിൽവേ അടിപ്പാതയോട് ചേർന്ന് പുതിയതായി പണിത അപ്രോച്ച് റോഡിൽ ടാറിംഗ് നടത്താത്ത നിലയിൽ..

പുനലൂർ: പുനലൂർ ചൗക്ക റോഡിന് സമീപത്തെ റെയിൽവേ അടിപ്പാതയോട് ചേർന്ന് പുതുതായി പണിത അപ്രോച്ച് റോഡിൽ ടാറിംഗ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷം അപ്രോച്ച് റോഡ് പണിക്കാവശ്യമായ സ്വകാര്യ ഭൂമി സർക്കാർ കഴിഞ്ഞ മാസം ഏറ്റെടുത്തിരുന്നു. തുടർന്ന് അടിപ്പാതയോട് ചേർന്ന് പുതിയ അപ്രോച്ച് റോഡ് പണികൾ പൂർത്തിയാക്കിയെങ്കിലും ടാറിംഗ് അനന്തമായി നീണ്ട് പോവുകയാണ്. പുനലൂർ - ചെങ്കോട്ട റെയിൽവേ ഗേജ്മാറ്റത്തിന്റെ ഭാഗമായാണ് പുനലൂർ - കാര്യറ റോഡിൽ റെയിൽവേ അടിപ്പാത പണിതത്. നിലവിലെ ലെവൽ ക്രോസ് ഒഴിവാക്കാനായിരുന്നു റെയിൽവേയുടെ നേതൃത്വത്തിൽ അടിപ്പാത പണിതത്. എന്നാൽ അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് പണിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇത് കണക്കിലെടുത്ത് പുനലൂർ-കാര്യറ റോഡിൽ റെയിൽവേയുടെ പഴയ ലെവൽക്രോസ് താത്ക്കാലികമായി അധികൃതർ പുനസ്ഥാപിച്ചിരുന്നു. അപ്രോച്ച് റോഡ് പണിക്കാവശ്യമായ സ്വകാര്യ ഭൂമി കഴിഞ്ഞ മാസം സർക്കാർ ഏറ്റെടുത്ത ഉടൻ റോഡ് പണികൾ ആരംഭിച്ച് പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇത് വരെ റോഡ് ടാർ ചെയ്ത് ഗതാഗതത്തിനായി പാത തുറന്ന് നൽകാൻ അധികൃതർ തയ്യാറാകാത്തത് മൂലം ട്രെയിൻ വരുമ്പോൾ അടച്ചിടുന്ന പഴയ ലെവൽക്രോസിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇതിനെ തുടർന്ന് ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡ് പണിയാനും ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കാനും സർക്കാർ 3.65 കോടി രൂപ കഴിഞ്ഞ വർഷം അനുവദിച്ചിരുന്നു. എന്നാൽ അപ്രോച്ച് റോഡ് പണി പൂർത്തിയാക്കിയിട്ടും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാത്തതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്.