ചാത്തന്നൂർ: ദേശീയപാതയോരത്തെ ജനവാസ മേഖലയിൽ അനുദിനം തുടരുന്ന മാലിന്യനിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ ഓഫീസിന്റെ മുൻവശം മുതൽ ജെ.എസ്.എം ആശുപത്രി ജംഗ്ഷന് സമീപം വരെയാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നത്. ഇതിൽ അറവുശാലകളിൽ നിന്നുള്ള മാലിന്യം ഉൾപ്പടെയുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് ചാക്കിൽ കെട്ടി വാഹനങ്ങളിലെത്തുന്ന മാലിന്യം ഇരുട്ടിന്റെ മറവിൽ വലിച്ചെറിയുന്നതാണ് പതിവ്.
ഇത് തെരുവുനായ്ക്കൾ കടിച്ചുകുടയുന്നതും പക്ഷികൾ കൊത്തിയെടുത്ത് കിണറുകളിലുൾപ്പടെ കൊണ്ടുവന്നിടുന്നതും പതിവാണ്. അസഹ്യമായ ദുർഗന്ധം കാരണം കാൽനടയാത്രികർക്ക് വഴിനടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മാലിന്യത്തിൽ ഈച്ചയും കൊതുകും പെരുകുന്നതിനാൽ പകർച്ചാവ്യാധി ഭീഷണിയും തള്ളിക്കളയാനാകില്ല. ചാത്തന്നൂരിലെ പ്രാഥമാകാരോഗ്യ കേന്ദ്രവും ഇതിന് നൂറുമീറ്റർ മാത്രം അകലെയാണ് സ്ഥിതിചെയ്യുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയാകുന്നതോടെ ദേശീയപാതയാകെ ഇരുട്ടിൽമുങ്ങും. ഇതിന്റെ മറപറ്റിയാണ് മാലിന്യ നിക്ഷേപവും നടത്തുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരീക്ഷണ കാമറയും തെരുവുവിളക്കും സ്ഥാപിക്കണം
പ്രദേശത്ത് അനുദിനം തുടരുന്ന മാലിന്യ നിക്ഷേപം ജനങ്ങളെ വലയ്ക്കുകയാണ്. തെരുവ് വിളക്കുകളും നിരീക്ഷണ കാമറകളും സ്ഥാപിച്ച് ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണം. പൊലീസ് പട്രോളിംഗ് നടത്തുന്നത് ഉൾപ്പെടെയുളള നടപടികൾ എടുക്കമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്കും മറ്റ് അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്.
ജി.ദിവാകരൻ, പ്രസിഡന്റ് ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ