പുനലൂർ: ആര്യങ്കാവ് കോട്ടവാസൽ സ്വാഭാവിക ചന്ദന പ്ലാന്റേഷനിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താനെത്തിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ വനപാലകർ പിടികൂടി. ചെങ്കോട്ട കർക്കിടി സ്വദേശി ഇസക്കി ദുരൈയാണ്(27) പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചന്ദനമരം മുറിക്കാൻ കോട്ടവാസൽ വനത്തിലെത്തിയ യുവാവിനെ വനപാലകരും വാച്ചർമാരും ചേർന്ന് പിടികൂടുകയായിരുന്നു. ആര്യങ്കാവ് കടമാൻ പാറ ചന്ദന പ്ലാന്റേഷനിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണിയാൾ. ഇയാളെ ചോദ്യം ചെയ്തപ്പോൾ സംഘത്തലവനായ തങ്ക ദുരൈയുടെ പുരയിടത്തിൽ ചന്ദന മരക്കഷണങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. ഇത് കടമാൻപാറ ചന്ദന പ്ലാന്റേഷനിൽ നിന്ന് മുറിച്ച് കടത്തിയതായിരുന്നു. പിന്നീട് ഇയാളുമായി തമിഴ്നാട്ടിലെ കർക്കിടിയിലെത്തിയ വനപാലകർ കർക്കിടിയിലെ തങ്ക ദുരൈയുടെ പുരയിടത്തിൽ കുഴിച്ചിട്ടിരുന്ന 4 കഷണം ചന്ദനം കണ്ടെത്തി. തുടർന്ന് ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ചോഫീസിലെത്തിച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു. ഡെപ്യൂട്ടി റെയ്ഞ്ചോഫീസർ ജിൽസൺ, വനപാലകരായ എം.കെ. പ്രസാദ്കുമാർ, എ. മുനീർ, എം. ലാലൂരാജ്, എ. സൈജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുവാവിനെ പിടികൂടിയത്.