thushar
തുഷാർ വെള്ളാപ്പള്ളി വള്ളിക്കാവ് അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചപ്പോൾ

കൊല്ലം: അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കൊല്ലത്തെ ക്യാമ്പ് ഓഫീസിലായിരുന്നു മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച. ശിവഗിരി മഠം സന്ദർശിച്ചശേഷം രാവിലെ 10.20നാണ് തുഷാർ കൊല്ലത്തെ ക്യാമ്പ് ഓഫീസിലെത്തിയത്. അമ്മ പ്രീതി നടേശൻ കൊല്ലം ശാരദാ മഠത്തിൽ പ്രാർത്ഥനയിലായിരുന്നു. ക്യാമ്പ് ഓഫീസിലെ ജനറൽ സെക്രട്ടറിയുടെ മുറിയിലേക്കു കയറിയ തുഷാറിനെ വെള്ളാപ്പള്ളി നടേശൻ ഹ്രസ്വമായ സംഭാഷണത്തിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക് നയിച്ചു

തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാര്യം തുഷാർ ഔദ്യോഗികമായി അറിയിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തി. തുടർന്ന് തുഷാർ അച്ഛന്റെ കാൽതൊട്ട് വന്ദിച്ചു. വെള്ളാപ്പള്ളി മകനെ ശിരസിൽ കൈവച്ച് ആയുഷ്മാൻ ഭവ എന്ന് ആശംസിച്ചു. തുഷാർ പുറത്തിറങ്ങിയപ്പോഴേക്കും അമ്മ പ്രീതി നടേശൻ മടങ്ങിയെത്തി. പ്രസാദം മകന്റെ നെറ്റിയിൽ തൊട്ട് ആശീർവദിച്ചശേഷം പ്രീതി നടേശൻ അകത്തേക്ക് പോയി. തുഷാർ വീണ്ടും ജനറൽ സെക്രട്ടറിയുടെ മുറിയിലെത്തി. അച്ഛന്റെയും അമ്മയുടെയും കാൽതൊട്ട് വണങ്ങി 10.40ന് ക്യാമ്പ് ഓഫീസിൽ നിന്നിറങ്ങി.

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, കൊല്ലം ജില്ലാ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയുമായ എ. സോമരാജൻ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പച്ചയിൽ സന്ദീപ്, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ, ബി.ഡി.ജെ.എസ് നേതാക്കളായ എസ്. സദാശിവൻ, ഓച്ചിറ പ്രേമചന്ദ്രൻ, ബി. ബാബുരാജ് എന്നിവരും തുഷാറിനൊപ്പം ഉണ്ടായിരുന്നു.

അമൃതപുരിയും പന്മനയും സന്ദർശിച്ചു

കരുനാഗപ്പള്ളി: തുഷാർ വെള്ളാപ്പള്ളി അനുഗ്രഹം തേടി അമൃതപുരിയിലും പന്മന ആശ്രമത്തിലും എത്തി. രാവിലെ 11 മണിയോടെ പന്മന ആശ്രമത്തിൽ എത്തിയ തുഷാറിനെ പന്മന ആശ്രമ മഠാധിപതി പ്രണവാനന്ദ തീർത്ഥപാദർ സ്വീകരിച്ചു. തുടർന്ന് തുഷാർ ചട്ടമ്പിസ്വാമിയുടെ മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി. സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ചെറുമകൻ ഡോ. വിജയശങ്കർ തുഷാറിന് വിജയാശംസകൾ നേർന്നു. ചവറ നല്ലേഴ്ത്തു ജംഗ്ഷനിൽ എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ തട്ടാശ്ശേരിൽ രാജു തുഷാർ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ അമൃതപുരിയിൽ എത്തിയ തുഷാറിനെ മാതാ അമൃതാനന്ദമയി ട്രസ്റ്റ് വൈസ് ചെയർമാൻ അമൃതസ്വരൂപാനന്ദപുരി സ്വീകരിച്ചു. തുടർന്ന് തുഷാർ മാതാ അമൃതാനന്ദമയിയുടെ സന്നിധിയിലെത്തി അനുഗ്രഹം തേടി. ഒരു മണിയോടെ അമൃതപുരിയിൽ നിന്നു മടങ്ങി.