കൊല്ലം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാലും താൻ മത്സരിക്കുന്നത് തൃശൂരിൽ തന്നെയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. തൃശൂരിൽ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒറ്റയ്‌ക്കല്ല തൃശൂരിലേക്ക് പോകുന്നത്, എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് തുടങ്ങി എല്ലാ സമുദായ സംഘടനകളുടെയും പിന്തുണയുണ്ട്. മത്സരിക്കുകയാണെങ്കിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്.
വർഷങ്ങൾക്ക് മുൻപ് ഇരിങ്ങാലക്കുടയിൽ പഠിക്കാൻ പോയപ്പോൾ തൃശൂർ എങ്ങനെ ആയിരുന്നോ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴും. ഇരു മുന്നണികളും തൃശൂരിന്റെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ മകൻ തുഷാർ വെള്ളാപ്പള്ളിക്കായി രംഗത്തിറങ്ങുമെന്നും വരാനിരിക്കുന്നത് മോദി യുഗമാണെന്നും എസ്.എൻ ട്രസ്റ്റ് ഡയറക്‌ടർ ബോർഡംഗം കൂടിയായ പ്രീതി നടേശൻ കൊല്ലത്ത് പറഞ്ഞു. 'എന്റെ മകന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കും. മോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ബി.ഡി.ജെ.എസിന്റെ എല്ലാ സ്ഥാനാർത്ഥികളും വിജയിക്കണം.'- പ്രീതി നടേശൻ പറഞ്ഞു.