കരുനാഗപ്പള്ളി: സമുദ്രതീര സംരക്ഷണത്തിനായി ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ കടൽത്തീരങ്ങളിൽ ജലസേചന വകുപ്പ് നിർമ്മിച്ച പുലിമുട്ടുകൾ തകർച്ചയുടെ വക്കിൽ. അഴീക്കൽ മുതൽ തെക്കോട്ട് പറയകടവ് വരെയുള്ള 22 ഓളം പുലിമുട്ടുകളാണ് തകർച്ചാഭീഷണി നേരിടുന്നത്. വർഷന്തോറും പുലിമുട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവമാണ് പുലിമുട്ടിന്റെ തകർച്ചയുടെ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. സുനാമി ദുരന്തത്തിന് ശേഷമാണ് ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലെ കടൽത്തീരത്ത് പുലിമുട്ടുകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. ഇതിന് മുമ്പ് വരെ കടലാക്രമണം തടയുന്നതിന് കടൽത്തീരത്തിന് സമാന്തരമായി കരിങ്കൽ ഭിത്തിയായിരുന്നു നിർമ്മിച്ചിരുന്നത്. പുലിമുട്ടുകൾ നിർമ്മിച്ചാൽ കരയിലേക്ക് അടിച്ച് കയറുന്ന തിരകളുടെ ശക്തി കുറയ്ക്കാനും മണ്ണൊലിപ്പ് തടയാനും കഴിയുമെന്ന നിർദ്ദേശത്തെ തുടർന്നാണ് പുലിമുട്ട് നിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയത്.
ഐ.ഐ.ടിയുടെ ഡിസൈൺ അനുസരിച്ച് നിർമ്മിക്കുന്ന പുലിമുട്ടുകൾക്ക് 10 വർഷത്തേക്ക് അറ്റകുറ്റപ്പണി നടത്തേണ്ടതില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ രണ്ട് വർഷം മാത്രം പഴക്കമുള്ള പുലിമുട്ടുകൾ പോലും തകർച്ചയുടെ വക്കിലാണ്. പാറയുടെ വലുപ്പത്തിലെ വ്യത്യാസവും നിർമ്മാണത്തിലെ വൈകല്യങ്ങളുമാണ് പുലിമുട്ടുകളുടെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. 45 മീറ്റർ നീളത്തിൽ കടലിലേക്ക് പുലിമുട്ട് നിർമ്മിക്കണമെങ്കിൽ 50 ലക്ഷം രൂപയോളം വേണ്ടി വരും. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന പുലിമുട്ടുകൾ തകരുമ്പോൾ ഖജനാവിൽ നിന്നനുവദിച്ച പണമാണ് വെള്ളത്തിലാകുന്നത്. രണ്ട് പുലിമുട്ടുകൾക്കിടയിൽ അടിഞ്ഞു കൂടുന്ന മണ്ണാണ് തീരത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്. ഇതോടെ കടലാക്രമണത്തിന്റെ ശക്തി കുറയുടെയും സമുദ്ര തീരം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ആദ്യ പുലിമുട്ട് 2007ൽ
2007ൽ ആയിരുന്നു അഴീക്കലിൽ ആദ്യ പുലിമുട്ട് നിർമ്മിച്ചത്. പുലിമുട്ടുകളുടെ ഡിസൈൺ തയ്യാറാക്കിയത് ചെന്നൈ ആസ്ഥാനമായുള്ള ഐ.ഐ.ടിയാണ്. തീരത്തു നിന്ന് 45 മീറ്റർ കടലിലേക്ക് തള്ളിയാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്. 4 പുലിമുട്ടുകൾ ചേരുന്നതാണ് ഒരു സെറ്റ്. കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗം ഓവൽ രൂപത്തിൽ നമ്പർ സ്റ്റോണുകൾ കൊണ്ടാണ് നിർമ്മിക്കേണ്ടത്.
അഴീക്കലിൽ നിർമ്മിച്ച ആദ്യ പുലിമുട്ടിന്റെ നീളം 80 മീറ്റർ ആയിരുന്നു. ഇതേ നീളത്തിൽ പുലിമുട്ടുകൾ നിർമ്മിച്ചാലേ കര സംരക്ഷിക്കാൻ കഴിയൂ
ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾ