കൊല്ലം: ജില്ലാ ജയിലിന്റെ ബോട്ടിൽഡ് മിനറൽ വാട്ടർ വിപണനം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ജയിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് ജി. ചന്ദ്രബാബു ഹില്ലി അക്വാ എന്ന് പേരിട്ടിരിക്കുന്ന കുപ്പിവെള്ളത്തിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു.
പത്ത് രൂപയാണ് ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ തൊടുപുഴയിലെ പ്ലാന്റിലാണ് കുപ്പിവെള്ളം തയ്യാറാക്കുന്നത്. കരസ്പർശമേൽക്കാതെ അത്യാധുനിക ശുദ്ധീകരണ പ്രക്രിയകളായ സാൻഡ് ഫിൽട്രേഷൻ, കാർബൺ ഫിൽട്രേഷൻ, യു.വി. ട്രീറ്റ്മെന്റ്, റിവേഴ്സ് ഓസ്‌മോസിസ്, ഓസൊണൈസേഷൻ, മൈക്രോ ഫിൽട്രേഷൻ എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കുപ്പിവെള്ളം തയ്യാറാക്കുന്നത്. ജില്ലാ ജയിലിന് മുന്നിലെ ഔട്ട്ലെറ്റിന് പുറമേ മൊബൈൽ വാഹനങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുപ്പിവെള്ളം ലഭിക്കും.