കൊല്ലം: തെക്കേവിള പുത്തൻനട - എ.കെ.ജി ജംഗ്ഷൻ - ആലുംമൂട് റോഡിന് ഒടുവിൽ ശാപമോക്ഷമായി. റോഡിന്റെ റീടാറിംഗ് ജോലികൾ ആരംഭിച്ചു കഴിഞ്ഞു. പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ ആലുംമൂട് ജംഗ്ഷൻ വരെയും ഇവിടെ നിന്ന് ഇരുവശങ്ങളിലേക്കുമുള്ള റോഡുകളാണ് വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയുമായി കിടന്നത്. കോർപ്പറേഷനിലെ തെക്കേവിള, ഭരണിക്കാവ് വാർഡുകളിൽ ഉൾപ്പെടുന്നതാണ് രണ്ട് കിലോമീറ്റർ മാത്രമുള്ള ഈ റോഡ്. ആറ് വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡാണ് പിന്നീട് അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൂർണമായും തകർന്നത്. ടാർ ഇളകി മാറി റോഡിൽ കുണ്ടും കുഴിയുമായതോടെയാണ് ഇതുവഴിയുള്ള വാഹനയാത്ര ദുരിതപൂർണമാവുകയും അപകടങ്ങൾ പതിവാകുകയും ചെയ്തത്. കോർപ്പറേഷൻ 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി റോഡിന്റെ റീ ടാറിംഗിനും കലുങ്കിന്റെ പുനർ നിർമ്മാണത്തിനുമായി 96 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ നടപടി പൂർത്തിയാക്കുകയും ചെയ്തു. എന്നിട്ടും നിർമ്മാണ ജോലികൾ തുടങ്ങാതെ വന്നപ്പോഴാണ് ഫെബ്രുവരി 14ന് 'പുത്തൻനട - എ.കെ.ജി ജംഗ്ഷൻ - ആലുംമൂട് റോഡിന് എന്ന് ലഭിക്കും ശാപമോക്ഷം?' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത ചർച്ചയായതോടെയാണ് കൗൺസിലർ സന്ധ്യാ ബൈജു ഇടപെട്ട് നിർമ്മാണ ജോലികൾ തുടങ്ങുന്നതിന് നടപടി കൈക്കൊണ്ടത്. വെളിയിൽകുളങ്ങര - ആലുംമൂട് റോഡ് എന്ന പേരിലാണ് തുക അനുവദിച്ചിരുന്നത്. എ.കെ.ജി ജംഗ്ഷനിലെ കലുങ്കും പൊളിച്ച് പണിയുന്നുണ്ട്. എത്രയും പെട്ടെന്ന് നിർമ്മാണ ജോലികൾ പൂർത്തിയാക്കി ഗതാഗതത്തിന് റോഡ് തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.