കൊല്ലം: നാളുകളുടെ കാത്തിരിപ്പിനൊടുവിൽ പുത്തൂർ പഴയചിറയ്ക്ക് ശാപമോക്ഷമായി, പതിറ്റാണ്ടുകളായി പായലും ചെളിയും മൂടി വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരുന്ന ചിറയുടെ നവീകരണം അവസാനഘട്ടത്തിലാണ്. നാടിന്റെ ജലനിധിയായി ചിറ മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി ചിറയുടെ നവീകരണത്തിന് തുടക്കമിട്ടിരുന്നു.
എന്നാൽ ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ചിറയിലെ പായലും പൊന്തയും മാലിന്യവും നീക്കം ചെയ്യുന്നത് ശ്രമകരമായ ജോലിയായിരുന്നു. മൂന്നേകാൽ ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി വഴി ചിലവഴിച്ചെങ്കിലും ഇത് വേണ്ടത്ര ഫലം ചെയ്തില്ല. തുടർന്നാണ് ഗ്രാമപഞ്ചായത്ത് ചിറ നവീകരണത്തിനായി 5 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. ഇതാണ് ഇപ്പോൾ പൂർത്തീകരണത്തിലെത്തുന്നത്. ചിറയുടെ സമീപത്തുകൂടിയുള്ള കനാൽ തുറക്കുന്നതോടെ നീരുറവകളും സജീവമാകും. ഈ വേനൽക്കാലത്ത് നാടിന്റെ ജലക്ഷാമത്തിന് അറുതിയുണ്ടാക്കാൻ ഉപകരിക്കുംവിധമാണ് ചിറയുടെ നവീകരണം നടത്തിയത്. ചിറയുടെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി പലതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വെള്ളം വറ്റിച്ച് ചെളിനീക്കി
നേരത്തേ തൊഴിലുറപ്പ് പദ്ധതി വഴി ചിറ വൃത്തിയാക്കിയപ്പോഴും ചെളി പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ വെള്ളം വറ്റിച്ച ശേഷം ജെ.സി.ബി ചിറയിലേക്ക് ഇറക്കി ചെളി പൂർണ്ണമായും കോരിമാറ്റി. ആഴവും കൂട്ടിയിട്ടുണ്ട്. ഇടിഞ്ഞ സംരക്ഷണ ഭിത്തികൾ പുനർനിർമ്മിച്ചു. കൽപ്പടവുകളിലും അറ്റകുറ്റപ്പണികൾ നടത്തി. കനാൽ വെള്ളം ചിറയിലേക്ക് നേരിട്ട് ഇറങ്ങാത്ത വിധം തടയണ കെട്ടി സംരക്ഷണമൊരുക്കിയിട്ടുണ്ട്. ഇനി മാലിന്യവും പായലും ചിറയിലെത്താത്ത വിധം സംരക്ഷണമൊരുക്കാൻ നാട്ടുകാരുടെ സമിതിയെയും ചുമതലപ്പെടുത്തുന്നുണ്ട്. നീന്തൽക്കുളമായി ഉപയോഗിക്കാനും കഴിയും. സമീപത്തെ പ്രീ മെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്കടക്കം നീന്തൽ പരിശീലനം നടത്താനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
'സായന്തനം' വയോജന കേന്ദ്രവും വരുന്നു
ചിറയുടെ സമീപത്തായി ജില്ലാ പഞ്ചായത്തിന്റെ സായന്തനമെന്ന വൃദ്ധസദനവും നിർമ്മിക്കുന്നുണ്ട്. മുമ്പ് ചിറയുടെ ഭാഗമായിരുന്ന സ്ഥലം കാലങ്ങൾക്ക് മുമ്പ് നികത്തിയതാണ്. ഇത് ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന് വിട്ടുനൽകി. ഇവിടെയാണ് സായന്തന കേന്ദ്രം നിർമ്മിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ മാസം നിർമ്മാണ ഉദ്ഘാടനം നടത്തിയിരുന്നു.
ചിറ നാടിന്റെ ഐശ്വര്യം
കാലങ്ങൾക്ക് മുമ്പേ ഉള്ളതാണ് ഇവിടുത്തെ ചിറ. പഴയ ചിറയെന്ന പേരിൽ നിന്നാണ് നാടിനും പേര് ലഭിച്ചത്. സംരക്ഷണമില്ലാതെ ചിറ തീർത്തും നശിച്ചുകിടന്നതാണ്. ഇത് നികത്തണമെന്നുപോലും അഭിപ്രായം ഉണ്ടായി. എന്നാൽ ഗ്രാമപഞ്ചായത്ത് ചിറയുടെ സംരക്ഷണം ഏറ്റെടുത്തു. നാടിന്റെ ഐശ്വര്യമായി മാറുന്ന വിധം ചിറയ്ക്ക് നവചൈതന്യം ഒരുക്കുകയാണ്.
വി. രാധാകൃഷ്ണൻ (ഉണ്ണി), വൈസ് പ്രസിഡന്റ് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്